ന്യൂഡെൽഹി: ഫൈസർ, മൊഡേണ കൊറോണ വാക്സീനുകൾ കേന്ദ്രസർക്കാർ വാങ്ങില്ലെന്ന് റിപ്പോർട്ട്. ആരോഗ്യമന്ത്രാലയത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസി റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. വാക്സീൻ കാരണം വിപരീത ഫലം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാര ബാധ്യതയിൽനിന്ന് ഒഴിവാക്കണമെന്ന ഫൈസറിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാക്സീൻ വാങ്ങിക്കുന്നതിൽനിന്നു കേന്ദ്രസർക്കാർ പിൻവാങ്ങുന്നത്. ഇന്ത്യയിൽ വാക്സീൻ വിതരണം ചെയ്യുന്ന ഒരു കമ്പനിക്കും ഈ പരിരക്ഷ നൽകുന്നില്ല.
‘‘ഫൈസർ വാക്സീൻ ആവശ്യമുള്ള ഒരു സമയമുണ്ടായിരുന്നു. ഇന്ത്യയിൽ വാക്സീന് ക്ഷാമം ഉണ്ടായിരുന്ന സമയം. എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമില്ല. ഉയർന്ന നിരക്കിലാണ് അവർ വാക്സീൻ നൽകുന്നത്. പിന്നെ എന്തിന് അവരുടെ ഉപാധികൾ അംഗീകരിക്കണം?’’– ആരോഗ്യ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. അടിയന്തര അനുമതിക്കായി അപേക്ഷ നൽകണമെന്നു കാട്ടി ഇന്ത്യൻ ഡ്രഗ്സ് കൺട്രോളർ ഫൈസറിനു അങ്ങോട്ടു കത്ത് നൽകിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്റെ പ്രതികരണം.
ഫൈസർ, മൊഡേണ വാക്സീൻ സർക്കാർ വാങ്ങിക്കില്ലെന്നും അതേസമയം സ്വകാര്യ കമ്പനികളുമായി കരാറിലേർപ്പെടുന്നതിന് തടസ്സമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൊഡേണ വാക്സീന് ഇന്ത്യയിൽ അടിയന്തര അനുമതി ലഭിച്ചിരുന്നു. മുംബൈ ആസ്ഥാനമായ സിപ്ല കമ്പനിക്കാണ് വാക്സീൻ ഇറക്കുമതിക്ക് അനുമതി നൽകിയത്. എന്നാൽ ദീർഘകാലം വാക്സീൻ സൂക്ഷിക്കാൻ സാധാരണ റഫ്രിജറേറ്റർ തണുപ്പിനേക്കാൾ കൂടിയ ശീതീകരണ സംവിധാനം വേണമെന്നതാണ് പ്രതിസന്ധി. ഫൈസറിനും ഇതേ പ്രതിസന്ധിയുണ്ട്.
ഉയർന്നനിരക്കിൽ വാങ്ങിക്കുന്നതിനു പുറമേ സൂക്ഷിക്കാൻ കൂടുതൽ ചെലവ് വേണ്ടിവരുമെന്നതും ഈ രണ്ടു വാക്സീനുകളും വേണ്ടന്നുവയ്ക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്ന കാരണമായി. അതേസമയം, ചർച്ച പുരോഗമിക്കുകയാണെന്നും വാക്സീൻ രാജ്യത്തേക്ക് കൊണ്ടുവരാൻ പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യയിലെ ഫൈസർ പ്രതിനിധി പ്രതികരിച്ചു. എന്നാൽ സർക്കാരുമായി നേരിട്ടല്ലാതെ കരാറിൽ ഏർപ്പെടില്ലെന്നും അവർ വ്യക്തമാക്കി.