സംസ്ഥാനത്ത് കോളജുകൾ തുറക്കാനുള്ള ക്രമീകരണം തുടങ്ങി; മുഴുവൻ ക്ലാസുകളും ആരംഭിക്കുന്നത് കാര്യങ്ങൾ വിലയിരുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കോളജുകൾ തുറക്കാനുള്ള ക്രമീകരണം തുടങ്ങിയെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു. വാക്‌സിനേഷൻ ക്രമീകരണത്തിന് സ്ഥാപന മേധാവികൾക്ക് നിർദേശം നൽകി. ഒക്ടോബർ 18ന് മുഴുവൻ ക്ലാസുകളും ആരംഭിക്കുന്നത് കാര്യങ്ങൾ വിലയിരുത്തിയ ശേഷമാകും.

രണ്ടു ദിവസത്തിനകം യോഗം ചേർന്നു പുരോഗതി വിലയിരുത്തും. ഒക്ടോബർ 4-ന് അവസാന വർഷ വിദ്യാർത്ഥികൾ ആദ്യം കോളജിൽ എത്തിയ ശേഷം പരിശോധിക്കും. കോളജുകളിൽ 90 ശതമാനം വിദ്യാർത്ഥികൾക്കും വാക്‌സിനേഷൻ പൂർത്തിയായെന്ന് മനസിലാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ കൃത്യമായി നൽകും. ഇതിനായി ആരോഗ്യവകുപ്പുമായി ചേർന്ന് വാക്‌സിൻ ഡ്രൈവ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കോളജുകളിൽ അവസാനവർഷ വിദ്യാർത്ഥികൾക്ക് ക്ലാസ് ആരംഭിച്ച ശേഷം മറ്റ് വിദ്യാർത്ഥികളുടെ ക്ലാസ്സിന്റെ കാര്യം പരിശോധിക്കുവെന്നും മന്ത്രി പറഞ്ഞു.