കാന്തിക ജട്ടി, ഇരുതല മൂരി, ഇപ്പോൾ സ്വർണ വെള്ളരിയും; നിരവധി പേർക്ക് ലക്ഷങ്ങൾ നഷ്ടമായി

മലപ്പുറം: കാന്തിക ജട്ടി, ഇറിഡിയം, ഇരുതല മൂരി ഇങ്ങനെയായിരുന്നു തട്ടിപ്പുകാര്‍ തങ്ങളുടെ ഇരകളെ വീഴ്ത്തിയിരുന്നത്. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ സ്വര്‍ണ
വെള്ളരിയുടെ പേരിലാണ് സംസ്ഥാനത്ത് തട്ടിപ്പ് നടക്കുന്നത്. സ്വര്‍ണ വെള്ളരി തട്ടിപ്പില്‍ മലപ്പുറത്ത് യുവാവിന് പതിനൊന്നരലക്ഷം രൂപയാണ് നഷ്ടമായത്. ഇതോടെ ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശി വലിയകണ്ടത്തില്‍ തോമസിനെ (47 ) പാണ്ടിക്കാട് പൊലീസ് അറസ്റ്റു ചെയ്തു.

സ്വര്‍ണ്ണവെള്ളരി തട്ടിപ്പു സംഘത്തില്‍ പെട്ട യുവാവ് മലപ്പുറത്തു നിന്നും പിടിയിലായതോടെയാണ് പുതിയ സംഘത്തെ കുറിച്ച്‌ പൊലീസിന് അറിവ് ലഭിച്ചത്. സ്വര്‍ണ വെള്ളരിയാണെന്ന് പറഞ്ഞ് ലോഹക്കൂട്ടുകള്‍ നല്‍കിയാണ് ഇക്കൂട്ടര്‍ തങ്ങളുടെ വലയിലകപ്പെട്ടവരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടുന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമ്പാനങ്ങാടിയിലെ ലോഡ്ജ് മുറിയില്‍ താമസിക്കുന്നതിനിടെ പരാതിക്കാരനുമായി അടുപ്പം സ്ഥാപിച്ച പ്രതി കൈവശമുണ്ടായിരുന്ന സ്വര്‍ണ നിറത്തിലുള്ള വസ്തു സ്വര്‍ണവെള്ളരിയാണെന്നു പറഞ്ഞ് കബളിപ്പിച്ചാണ് പണം കൈപ്പറ്റിയത്. കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍പ്പോയി.

വിവിധ ജില്ലകളില്‍ സമാനരീതിയിലുള്ള കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ തട്ടിയ മൂന്നുപേരെ നേരത്തെ വഴിക്കടവ് പൊലീസ് പിടികൂടിയിരുന്നു. സ്വര്‍ണവെള്ളരി തട്ടിപ്പിനെത്തുടര്‍ന്ന് 4.25 ലക്ഷംരൂപ നഷ്ടപ്പെട്ടതായ പെരിന്തല്‍മണ്ണ താഴേക്കോട് കുഴിക്കണ്ടത്തില്‍ മുഹമ്മദലിയുടെ പരാതിയിലാണ് നേരത്തെ വഴിക്കടവ് പൊലീസ് കേസ് എടുത്തിരുന്നത്.

സ്വര്‍ണവെള്ളരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി മണ്ണാര്‍ക്കാട്ടെ പള്ളി ഭാരവാഹിയില്‍ നിന്ന് 6.20 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നുപേരെ വഴിക്കടവ് പൊലീസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.