ന്യൂഡെൽഹി: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ സുപ്രിംകോടതിയെ സമീപിച്ചു. എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത്, പി എസ് ജയപ്രകാശ്, ആർ ബി ശ്രീകുമാർ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നും നാല് പേരെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നും സി ബി ഐ സുപ്രിം കോടതിയിൽ ആവശ്യപ്പെട്ടു.
ഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് ആർ ബി ശ്രീകുമാർ. എസ്. വിജയൻ ഒന്നാം പ്രതിയും, തമ്പി എസ്. ദുർഗാദത്ത് രണ്ടാം പ്രതിയും, പി എസ് ജയപ്രകാശ് പതിനൊന്നാം പ്രതിയുമാണ്. ആർ. ബി ശ്രീകുമാർ ഉൾപ്പടെയുള്ള പ്രതികൾക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണെന്ന് സുപ്രിം കോടതിയിൽ നൽകിയ ഹർജിയിൽ സിബിഐ ആരോപിച്ചിട്ടുണ്ട്.
പ്രതികൾ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തിന്റെ വേഗതയെ ബാധിക്കുമെന്നും പല സാക്ഷികളും മൊഴി നൽകാൻ തയാറാകില്ലെന്നും സിബിഐ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ദേശിയ പ്രാധാന്യമുള്ള കേസിലെ വസ്തുതകൾ കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും സിബിഐ വ്യക്തമാക്കി.