ലക്നൗ: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 350 സീറ്റുകള്‍ ബിജെപി സ്വന്തമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ദേശീയ തലത്തില്‍ യുപിയോടുള്ള കാഴ്ചപ്പാടില്‍ വലിയ മാറ്റം സംഭവിച്ചത് സംഘടനയുടെ ഐക്യവും സംഘടനാ മികവും കാരണമാണ്. ജനങ്ങള്‍ക്ക് ഭരണത്തോടുള്ള താത്പര്യം വര്‍ധിച്ചു. 2022ലെ തെരഞ്ഞെടുപ്പില്‍ 350 സീറ്റില്‍ ബിജെപി അധികാരത്തില്‍ വരും. – യോഗി ആദിത്യനാഥ് പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരുകള്‍ കൊട്ടാരങ്ങള്‍ പണിതുയര്‍ത്തിയപ്പോള്‍ പുതിയ ഇന്ത്യയിലെ പുതിയ സര്‍ക്കാര്‍ 42 ലക്ഷം ജനങ്ങള്‍ക്ക് കിടപ്പാടം നല്കി. സംസ്ഥാനത്ത് ക്രിമിനലുകളെ ഇല്ലാതാക്കി. കഴിഞ്ഞ നാലര വര്‍ഷക്കാലം ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ ഭരിച്ചത്.-അദ്ദേഹം വ്യക്തമാക്കി.
സമാജ്വാദി പാര്‍ട്ടിയുടെ കാലത്ത് സംസ്ഥാനത്ത് ക്രിമിനലുകളും മാഫിയകളും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അഴിമതിയുടെ കാലമായിരുന്നുവതെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 403 സീറ്റുകളിൽ 325 സീറ്റുകളായിരുന്നു ബിജെപിയ്ക്ക് ലഭിച്ചത്. സമാജ്വാദി പാർട്ടിയ്ക്കും സഖ്യകക്ഷികൾക്കും 54 സീറ്റും ബിഎസ്പിയ്ക്ക് 19 സീറ്റും മറ്റുപാര്‍ട്ടികള്‍ക്ക് അഞ്ച് സീറ്റുകളുമാണ് ലഭിച്ചത്.