പഞ്ചാബിൽ വീണ്ടും ട്വിസ്റ്റ്; ചരൺജിത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി; ഹൈക്കമാൻഡ് പ്രഖ്യാപിച്ചു

ന്യൂഡെൽഹി: പഞ്ചാബിൽ കോൺ​ഗ്രസിനുള്ളിൽ പുതിയ ട്വിസ്റ്റ്. ചരൺജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് നവ്ജ്യോത് സിം​ഗ് സിദ്ദു രംഗത്തെത്തി. തുടർന്ന് ചന്നിയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തെന്ന് ഹരീഷ് റാവത്ത് അറിയിച്ചു. ജാതി സമവാക്യം പാലിക്കാന്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെയും നിയോഗിക്കും. ഗവർണർ ബല്‍വരിലാൽ പുരോഹിതിനെ കാണാനായി ചരൺജിത് സിങ് അദ്ദേഹത്തിന്റെ വസതിയിലെത്തി.

മുഖ്യമന്ത്രിയായി സുഖ് ജിന്തർ സിംഗ് രൺധാവയെ പരിഗണിച്ചെങ്കിലും സിദ്ദുവിൻ്റെ എതിർപ്പിനെ തുടർന്ന് ഹൈക്കമാൻഡ് തീരുമാനം മാറ്റുകയായിരുന്നു. നിരാശയില്ലെന്ന് സുഖ് ജിന്തർ സിംഗ് രൺധാവ പ്രതികരിച്ചു. ചന്നിക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ദലിത് സിഖ് നേതാവും അമരിന്ദർ സിങ് മന്ത്രിസഭയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുമുണ്ടായിരുന്ന ആളുമാണ് ചരൺജിത് സിങ് ചന്നി. 62കാരനായ ചരൺജിത് സിങ് പി.സി.സി മുൻ ഉപാധ്യക്ഷനായിരുന്നു. കൂടാതെ, ചരൺജിത് സിങ്ങിന്‍റെ പിതാവ് സൻതോക് സിങ് രണ്ടു തവണ പിസിസി അധ്യക്ഷ പദം അലങ്കരിച്ചിട്ടുണ്ട്.

അടുത്ത വർഷം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പഞ്ചാബിലെ ജനസംഖ്യയുടെ 33 ശതമാനത്തോളം പേർ ദലിതരെന്നതു കൂടി കണക്കിലെടുത്താണ് ചന്നിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ചരൺജിത്തിന് അഭിനന്ദനങ്ങളറിയിച്ച മുൻ മുഖ്യമന്ത്രി അമരിന്ദര്‍ സിങ്, പഞ്ചാബിനെ സുരക്ഷിതമായി നിലനിർത്താൻ അദ്ദേഹത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേർത്തു.

ഹൈക്കമാൻഡിന്റെ തീരുമാനത്തിൽ താൻ സന്തുഷ്ടനാണെന്നും പിന്തുണച്ച എല്ലാ എംഎൽഎമാർക്കും നന്ദി അറിയിക്കുന്നതായും സുഖ്ജിന്ദർ സിങ് രൺധാവ പ്രതികരിച്ചു. സംസ്ഥാനത്തെ ആദ്യ ദലിത് മുഖ്യമന്ത്രിയാകുന്ന ചന്നി, ചാംകൗർ സാഹിബ് മണ്ഡലത്തിൽനിന്ന് മൂന്ന് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2015– 16 കാലഘട്ടത്തിൽ പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.

പ​ഞ്ചാ​ബി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സി​ൽ നാ​ളു​ക​ളാ​യി തു​ട​രു​ന്ന ഉ​ൾ​പ്പോ​രി​നൊ​ടു​വി​ലായിരുന്നു അമരീന്ദർ സിങ്​ രാ​ജിവെച്ചത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി 50ലധികം എം.എൽ.എമാർ ഹൈക്കമാൻഡിനെ സമീപിച്ചതോടെ​ അമരീന്ദർ സിങ്​ ശനിയാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. അ​പ​മാ​നി​ത​നാ​യാ​ണ്​ പ​ടി​യി​റ​ങ്ങു​ന്ന​തെ​ന്ന് രാ​ജിവെച്ച​ ശേ​ഷം അ​മ​രീ​ന്ദ​ർ സിങ് പ്രതികരിച്ചിരുന്നു.