ന്യൂഡെൽഹി: പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്മാരായ സുനില്‍ ഝാഖര്‍, പ്രതാപ് സിംഗ് ബജ്‍വ എന്നിവരിലൊരാൾ പഞ്ചാബില്‍ പുതിയ മുഖ്യമന്ത്രിയാകും. തീരുമാനം ഇന്ന് പ്രഖ്യാപിക്കും. കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം പതിനൊന്നിന് ചേരും. അംബിക സോണി, രവ്നീത് സിംഗ് ബിട്ടു എന്നിവരുടെ പേരുകളും സാധ്യതപട്ടികയില്‍ ഉണ്ട്. സുനില്‍ ഝാഖര്‍ക്കാണ് സാധ്യത കൂടുതല്‍.
പ്രഖ്യാപനം ഉണ്ടാകും വരെ പഞ്ചാബില്‍ തുടരാന്‍ എ ഐ സി സി നിരീക്ഷകര്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ച അമരീന്ദര്‍ സിംഗിന്‍റെ നീക്കവും ഹൈക്കമാന്‍ഡ് നിരീക്ഷിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ തുടരണമെന്ന് മുതിര്‍ന്ന നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും ക്യാപ്റ്റന്‍ ഇനിയും മനസ് തുറന്നിട്ടില്ല.
അമരീന്ദര്‍ സിംഗ് രാജി പ്രഖ്യാപിക്കും മുന്‍പേ പഞ്ചാബില്‍ രാഹുല്‍ ഗാന്ധിയുടേത് മികച്ച തീരുമാനമെന്ന ട്വീറ്റുമായി ജാഖര്‍ രംഗത്തെത്തിയിരുന്നു. തീരുമാനവും നിലപാടുമില്ലാതെ കോൺഗ്രസ് ഹൈക്കമാൻഡ് സാഹചര്യങ്ങൾ വഷളാക്കുകയാണെന്ന ആക്ഷേപം ഒരു വിഭാഗം നേതാക്കൾക്കുണ്ട്. അതിനിടെ അമരീന്ദർ ബിജെപിയിലേക്കെന്ന സൂചന ശക്തമായിട്ടുണ്ട്.