ന്യൂഡെൽഹി: കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ആഭ്യന്തര വിമാന സർവീസുകളിൽ 85 ശതമാനം യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ അനുമതി. നേരത്തെ 72.5 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് സർവീസ് നടത്താനായിരുന്നു അനുമതി ഉണ്ടായിരുന്നത്. രാജ്യത്തെ കൊറോണ കേസുകളിൽ ഗണ്യമായ കുറവുണ്ടാവുന്ന സാഹചര്യത്തിൽ ഇത് വ്യോമയാന മന്ത്രാലയം വർധിപ്പിക്കുകയായിരുന്നു. വിവരം വ്യോമയാന മന്ത്രാലയം ഔദ്യോഗികമായി വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ട്.
ഏതാണ്ട് രണ്ട് നിർത്തലാക്കിയിരുന്ന ആഭ്യന്തര വിമാന സർവീസുകൾ കഴിഞ്ഞ വർഷം മെയിലാണ് രാജ്യത്ത് പുനരാരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 33 ശതമാനം യാത്രക്കാരുമായി സർവീസ് നടത്താനായിരുന്നു അനുമതി. ആ വർഷം ഡിസംബറിൽ ഇത് 80 ശതമാനമായി ഉയർത്തി.
ജൂൺ മാസത്തിൽ ഇത് കുറച്ച് 50 ശതമാനം ആക്കി. നാല് ദിവസങ്ങൾക്കു ശേഷം ഇത് 65 ശതമാനത്തിലേക്ക് വർധിപ്പിച്ചു. ഓഗസ്റ്റ് 12 മുതലാണ് 72.5 ശതമാനത്തിൽ സർവീസ് നടത്താൻ വ്യോമയാന മന്ത്രാലയം അനുമതി നൽകിയത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 35,662 കൊറോണ കേസുകളാണ്. ആക്ടീവ് കേസുകൾ 3,40,639. രോഗശമന നിരക്ക് 97.65 ശതമാനമാണ്. ആകെ രോഗബാധയുടെ 1.02 ശതമാനാണ് നിലവിലുള്ള കേസുകൾ. 14,48,833 ടെസ്റ്റുകളാണ് ഇക്കാലയളവിൽ നടത്തിയത്. ഇതോടെ ആകെ ടെസ്റ്റുകളുടെ എണ്ണം 55,07,80,273.
കഴിഞ്ഞ 19 ദിവസങ്ങളായി ഡെയിലി പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് 2.46 ശതമാനമായിരുന്നു. വീക്കിലി പോസിറ്റിവിറ്റി നിരക്ക് 2.02 ശതമാനമാണ്. കഴിഞ്ഞ മൂന്ന് മാസത്തോളമായി വീക്കിലി പോസിറ്റിവിറ്റി നിരക്ക് മൂന്നിൽ താഴെ തുടരുകയാണ്.