കൃഷിയിടങ്ങളിലെ ജല ലഭ്യത കുറവിന് ശാശ്വത പരിഹാരം; പ്രതീക്ഷ നൽകി കരടിപാറ മോഡൽ

പാലക്കാട്: സംസ്ഥാനത്തെ കൃഷിയിടങ്ങളിലെ ജല ലഭ്യത കുറവിന് ശാശ്വത പരിഹാരമായി ജല സൂക്ഷ്മ പദ്ധതി. വരണ്ട പ്രദേശങ്ങളിലും വേനൽക്കാലത്ത് പ്രത്യേകിച്ചും കൃഷിയിടങ്ങളിൽ അനുഭവപ്പെടുന്ന വരൾച്ചയ്ക്ക് പുതിയ സംവിധാനം പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

മഴനിഴൽ പ്രദേശമായ ചിറ്റൂരിൻ്റെ കിഴക്കൻ മേഖലയായ എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, വടകരപതി പഞ്ചായത്തുകൾ ഉൾപെട്ട കരടിപ്പാറ പ്രദേശത്താണ് സംസ്ഥാനത്ത് ആദ്യത്തെ ജല സൂക്ഷ്മ പദ്ധതി ആരംഭിച്ചത്. പ്രദേശത്തെ 171 ഏക്കറിൽ 54 കർഷകരെ ഉൾക്കൊള്ളിച്ചാണ് പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് പൂർത്തി ആക്കിയത്.

കൃഷിയിടത്തിൽ എല്ലായിടത്തും വെള്ളം എത്തിക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യ അജണ്ട. വെള്ളം എത്തിക്കുന്നതിനായി പിവിസി പൈപ്പുകൾ, ജലസേചന കുഴലുകൾ, നിയന്ത്രണ വാൽവുകൾ,വള പ്രയോഗത്തിനുള്ള വെഞ്ചോറി വാൽവുകൾ, വെള്ളത്തിൻ്റെ അളവും മർദ്ദവും അളക്കുന്ന മീറ്ററുകൾ എന്നിവയാണ് അനുബന്ധ ഘടകങ്ങൾ.

ഒരു മണിക്കൂറിൽ ഒരു ലക്ഷം ലിറ്റർ വെള്ളം 130 മീറ്റർ ഉയരത്തിൽ പമ്പ് ചെയ്യാൻ ശേഷിയുള്ള പ്രത്യേക തരം പമ്പ് സെറ്റ് ആണ് ഈ പദ്ധതിക്കായി സ്ഥാപിച്ചട്ടുള്ളത്.കൃഷി ഭൂമിയിൽ വള്ള പ്രയോഗത്തിനും ജലസേചനത്തിനും ആയാണ് ഓട്ടോമാറ്റിക് സംവിധാനമുള്ള ഈ പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനത്തെ തന്നെ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നായ ചിറ്റൂരിൽ ജലസേചനത്തെ ആശ്രയിച്ചാണ് കൃഷി നടക്കുന്നത്. പച്ചക്കറികൾ സമൃദ്ധമായി വളരുന്ന ഇവിടെ ഭൂഗർഭ ജലവിതാനം ആയിരം അടിയിലും താഴെ എത്തിയതോടെയാണ് കൃഷി പ്രതിസന്ധിയിൽ ആയത്. എന്നാൽ ഇപ്പോൾ നടപ്പാക്കിയ നൂതന പദ്ധതിയോടെ ജലക്ഷാമമെന്ന വെല്ലുവിളിക്ക് ഒരു പരിധി വരെ പരിഹാരമായെന്ന് പ്രദേശവാസികൾ പറയുന്നു.

പദ്ധതിയുടെ മുഴുവൻ ചുമതലയും ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ
ഡെവലപ്മെൻറ് കോർപറേഷൻ ആയിരുന്നു. ചിറ്റൂർ എംഎൽഎയും ജലസേചന വകുപ്പ് മന്ത്രിയും ആയിരുന്ന കെ കൃഷ്ണൻകുട്ടി ആണ് പദ്ധതിക്കായി മൂൻകൈയെടുത്തത്.