ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല; സിനിമ തിയേറ്ററുകളും തുറക്കില്ല

തിരുവനന്തപുരം: ​ കൊറോണ വ്യാപനം കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ അവലോകന യോ​ഗത്തിലാണ് തീരുമാനം.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ഇപ്പോള്‍ അനുമതി നല്‍കേണ്ടെന്നാണ് തീരുമാനം. ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുമതിയുണ്ടാകില്ല. സംസ്ഥാനത്ത് സിനിമ തിയേറ്റര്‍ തുറക്കേണ്ടന്നും യോ​ഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

ഇരുന്നു കഴിക്കാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച്‌ ഹോട്ടലുടമകള്‍ നേരത്തെ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ബാറുടമകളും സര്‍ക്കാരിനോട് ആളുകളെ ഇരുത്താനുള്ള അനുമതി തേടിയിരുന്നു.

പ്രതിവാര രോ​ഗ വ്യാപന നിരത്ത് പത്തിന് മുകളിലുള്ള വാര്‍ഡുകളില്‍ മാത്രമായിരിക്കും ഇനി മുതല്‍ നിയന്ത്രണം. നേരത്തെ ഈ നിയന്ത്രണം എട്ടിന് മുകളിലുള്ള വാര്‍ഡുകളില്‍ ആയിരുന്നു.