തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംഭരണത്തിന് കെഎസ്‌ആര്‍ടിസി ബസുകളേയും ഡ്രൈവര്‍മാരേയും ഉപയോഗിക്കാമെന്ന കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റെ ഉത്തരവ് വിവാദത്തില്‍. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകള്‍ രംഗത്തെത്തി.
കെഎസ്‌ആര്‍ടിസിക്ക് അധിക വരുമാനം നേടാമെന്ന് ചൂണ്ടിക്കാട്ടി തദ്ദേശ സ്വയംഭരണ വകുപ്പിനാണ് ബിജു പ്രഭാകര്‍ ശുപാര്‍ശ അയച്ചത്. കെഎസ്‌ആര്‍ടിസിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ബസുകള്‍ മാലിന്യ സംഭരണത്തിനായി ഉപയോഗിക്കാനും ഡ്രൈവര്‍മാരെ ഈ സേവനത്തിനായി നിയോഗിക്കാനുമായിരുന്നു ശുപാര്‍ശ. ഇതാണ് യൂണിയനുകളുടെ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
പിഎസ് സി പൊതുപരീക്ഷ ഉള്‍പ്പെടെയുള്ള കടമ്പകള്‍ കടന്നാണ് കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരെ നിയമിക്കുന്നത്. ഇവരെ മാലിന്യ സംഭരണത്തിന് ഉപയോഗിക്കുന്നത് ന്യായമല്ലെന്നാണ് തൊഴിലാളി യൂണിയനുകള്‍ പറയുന്നത്. ഇത് കാണിച്ച് യൂണിയന്‍ എംഡിക്ക് കത്തയച്ചിട്ടുണ്ട്. അതേസമയം, വരുമാനം ഉണ്ടാക്കാനുള്ള ഒരു ശുപാര്‍ശ മാത്രമായിരുന്നു അതെന്നും അന്തിമ തീരുമാനം ആയിട്ടില്ലെന്നും ബിജു പ്രഭാകര്‍ പ്രതികരിച്ചു.
നേരത്തെ കെഎസ്‌ആര്‍ടിസി കോംപ്ലക്‌സുകളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാനുള്ള നീക്കവും വിവാദമായിരുന്നു. പിന്നാലെയാണ് മാലിന്യ സംഭരണത്തിനുള്ള ശുപാര്‍ശയും വിവാദത്തിന് വഴിതുറന്നിരിക്കുന്നത്.