മൊബൈലിൽ ഗെയിം നിർത്തി ട്യൂഷന് പോകാൻ പറഞ്ഞു; ഏഴു വയസുകാരൻ വീടുവിട്ടിറങ്ങി; മിഠായി നൽകി തിരിച്ചെത്തിച്ച് പൊലീസ്

കോട്ടയം: ‍വീട്ടുകാരോട് പിണങ്ങി ഇറങ്ങി പോയ ഏഴ് വയസുകാരനെ മിഠായി നല്‍കി തിരികെ വീട്ടില്‍ എത്തിച്ച്‌ പൊലീസ്. കോട്ടയം ഏറ്റുമാനൂരില്‍ കൈപ്പുഴയിലാണ് സംഭവം‌. മൊബൈലില്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന കുട്ടിയോട് കളി അവസാനിപ്പിച്ച്‌ ട്യൂഷന് പോകാന്‍ പറഞ്ഞതിന് പിന്നാലെയാണ് കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി പോയത്.

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ട്യൂഷന്‍ ഉണ്ടായിട്ടും കുട്ടി മൊബൈലില്‍ ഗെയിം കളിച്ചുകൊണ്ടിരുന്നതോടെ കളി അവസാനിപ്പിച്ച്‌ ട്യൂഷന് പോകാന്‍ രക്ഷിതാക്കള്‍ നിര്‍ദ്ദേശിച്ചു. ഇത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെങ്കിലും നിര്‍ബന്ധപൂര്‍വ്വം ട്യൂഷന് പോകാന്‍ പറഞ്ഞതോടെ ഏഴുവയസുകാരന്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. കുട്ടിയെ അന്വേഷിച്ച്‌ രക്ഷിതാക്കള്‍ പിന്നാലെ പോയെങ്കിലും കണ്ടെത്താനായില്ല. സമീപ വീടുകളിലെല്ലാം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

അര മണിക്കൂര്‍ പിന്നിട്ടിട്ടും കുട്ടിയുടെ വിവരമൊന്നും കിട്ടാതായതോടെയാണ് പൊലീസിനെ വിവരമറിയിച്ചത്. ഇതിനിടെ കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതായി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇതിനിടയിലാണ് വീടിന് ഒരു കിലോമീറ്റര്‍ അകലെയായി ഒരു കുട്ടി ഒറ്റയ്ക്ക് ഇരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചപ്പോള്‍ കാണാതായ ആള്‍ തന്നെയാണ് ഇതെന്ന് സ്ഥിരീകരിച്ചു. മിഠായി നല്‍കിയാണ് കുട്ടിയെ തിരികെ വീട്ടില്‍ എത്തിച്ചത്.