കുട്ടികളിലെ ന്യുമോണിയ ബാധ തടയാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ പ്രതിരോധ വാക്‌സിന്‍

തിരുവനന്തപുരം: കുട്ടികളിലെ ന്യുമോണിയ ബാധ തടയാന്‍ വാക്‌സിന്‍ പദ്ധതിയുമായി സര്‍ക്കാര്‍. ന്യുമോണിയക്കെതിരായ പ്രതിരോധ വാക്‌സിനായ ന്യമോകോക്കല്‍ കോണ്‍ജുഗേറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി വിതരണം ചെയ്യാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നേരത്തെ സ്വകാര്യ മേഖലയില്‍ മാത്രമാണ് വാക്‌സിന്‍ ലഭ്യമായിരുന്നത്.

അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ന്യുമോണിയ ബാധ മൂലമുള്ള മരണം തടയുന്നതിനാണ് ഇത്. വാക്‌സിന്‍ പദ്ധതിയുടെ ഉദ്ഘാടനം ഉടന്‍തന്നെ സംസ്ഥാനത്തുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോസേജ്, വാക്‌സിന്‍ നല്‍കേണ്ട രീതി അടക്കമുള്ള പരിശീലനം തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ചെറിയ കുട്ടികളില്‍ നാല് ഘട്ടങ്ങളിലായാകും വാക്‌സിന്‍ നല്‍കുക എന്നാണ് ലഭിക്കുന്ന വിവരം.

2017ല്‍ അവതരിപ്പിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കിവരുന്ന പദ്ധതി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ അവതരിപ്പിക്കാന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതുവഴി നിലവില്‍ കുട്ടികള്‍ക്കായി നടത്തിവരുന്ന സാര്‍വത്രിക പ്രതിരോധ പദ്ധതിയുടെ ഭാഗമായുള്ള വാക്‌സിനുകളുടെ കൂടെ പുതിയൊരു വാക്‌സിന്‍ കൂടി അവതരിപ്പിക്കപ്പെടുകയാണ്.