കൊട്ടാരക്കര: സിപിഎം ബ്രാഞ്ച് സെക്രട്ടറി അയൽവാസി കൂടിയായ അനുജന്റെ മകനെ കല്ലെറിഞ്ഞു പരിക്കേൽപിച്ചതായി പരാതി. കാലിനു പരിക്കേറ്റ കോടാത്തല പടിഞ്ഞാറ് കളങ്ങുവിള വീട്ടിൽ പ്രമോദിന്റെ മകൻ പ്ലസ്ടു വിദ്യാർഥിയായ അഭിഷേക് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിൽസ തേടി.
പ്രമോദിന്റെ മൂത്ത സഹോദരനും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ പ്രതാപനെതിരെ കുടുംബം പുത്തൂർ പോലീസിൽ പരാതി നൽകി. പ്രമോദ് വീടുനിർമാണത്തിനായി വാനം തോണ്ടുമ്പോൾ കണ്ടെത്തിയ പാറ പൊട്ടിക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായി.
പ്രതാപൻ പാറ പൊട്ടിക്കുന്നത് തടയുകയും തൊഴിലാളികളെ ആക്രമിക്കാൻ ശ്രമിക്കുകയുമുണ്ടായി. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് അഭിഷേകിനെ കല്ലുകൊണ്ടെറിഞ്ഞത്. അഭിഷേകിന്റെ കാലിനാണ് പരിക്കേറ്റിട്ടുള്ളത്. കമ്യൂണിസ്റ്റ് രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ ജ്യേഷ്ഠന്റെ മക്കളാണ് പ്രതാപനും പ്രമോദും.