തിരുവനന്തപുരം: കൊറോണ വന്നുപോയതിലൂടെയും വാക്സിന് സ്വീകരിച്ചതിലൂടെയും സമൂഹം കൈവരിച്ച പ്രതിരോധമറിയാന് കേരളം ആരംഭിച്ച സിറോ സര്‍വേ പഠനം പൂര്‍ത്തിയായി. 13,875 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ജില്ലകളില്‍ നിന്നുള്ള വിവരം ആരോഗ്യ സെക്രട്ടറിയുടെ ഓഫിസില്‍ ക്രോഡീകരിച്ച് ഫലം സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും.
സെപ്റ്റംബര്‍ നാലു മുതലാണ് സാമ്പിള്‍ ശേഖരണം തുടങ്ങിയത്. ചൊവ്വാഴ്ച പൂര്‍ത്തിയാക്കാനാണ് ആദ്യം നിര്‍ദേശം നല്‍കിയിരുന്നതെങ്കിലും, നിപ ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലക്ക് ഇളവ് അനുവദിച്ചിരുന്നു. അതിനാലാണ് പഠനം പൂര്‍ത്തിയാക്കാന്‍ രണ്ട് ദിവസംകൂടി വേണ്ടിവന്നത്. ഐസിഎംആര്‍ നേരത്തെ നടത്തിയ സിറോ സര്‍വേ പ്രകാരം കേരളത്തില്‍ 42.07 ശതമാനം പേരില്‍ ആന്റിബോഡി കണ്ടെത്തിയിരുന്നു.
18 വയസ്സിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, അഞ്ചിനും 17 വയസ്സിനും ഇടയിലുള്ളവര്‍, ആദിവാസികള്‍, തീരദേശവാസികള്‍, ചേരിനിവാസികള്‍ എന്നിവരിലാണ് റാന്‍ഡം പരിശോധന നടത്തിയത്. കുട്ടികളില്‍ ഉള്‍പ്പെടെ ആദ്യമായി ആന്റിബോഡി സാന്നിധ്യം കണ്ടെത്താന്‍ നടത്തിയ പരിശോധനയാണിത്. സ്കൂള്‍ തുറക്കുന്നതിനുള്‍പ്പെടെ സര്‍വേഫലം നിര്‍ണായകമാണ്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ചത്. കുറവ് പത്തനംതിട്ടയിലും.
ആയിരത്തില്‍ താഴെ സാമ്പിളുകള്‍ ശേഖരിച്ച ജില്ലകളില്‍ പരിശോധന പൂര്‍ത്തിയായി. തിരുവനന്തപുരം 1472, കൊല്ലം 1200, പത്തനംതിട്ട 34, ആലപ്പുഴ 748, കോട്ടയം 588, ഇടുക്കി 526, എറണാകുളം 1362, തൃശൂര്‍ 1344, പാലക്കാട് 868, മലപ്പുറം 1294, കോഴിക്കോട് 1354, വയനാട് 805, കണ്ണൂര്‍ 1247, കാസര്‍കോട് 721. ശേഖരിച്ച സാമ്പിളുകളുടെ പരിശോധന മൂന്ന് കേന്ദ്രങ്ങളിലായാണ് നടക്കുക.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സാമ്പിളുകള്‍ തിരുവനന്തപുരം പബ്ലിക് ലാബിലും കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലേത് കോട്ടയം ജനറല്‍ ആശുപത്രിയിലും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേത് കോഴിക്കോട് പബ്ലിക് ലാബിലുമാണ് പരിശോധിക്കുക.