കൊച്ചി: ഡ്രൈവിങ് ലൈസന്‍സ് വീടുകളിലിരുന്ന് ലഭ്യമാക്കുന്ന സംവിധാനം ഏര്‍പ്പെടുത്താന്‍ ഗതാഗത വകുപ്പ്. ഇതിനായി സിമുലേറ്ററുകള്‍ പ്രയോജനപ്പെടുത്തും. ശാസ്ത്ര സാങ്കേതികവിദ്യയുടെയും ഡിജിറ്റല്‍ ഉപകരണങ്ങളുടെയും സഹായത്തോടെയാകും പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഇതിലൂടെ ഒഴിവാക്കാന്‍ കഴിയുമെന്ന് മന്ത്രി ആൻ്റണി രാജു പറഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങളെല്ലാം ഓണ്‍ലൈനായി ജനങ്ങളിലേക്കെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാവുകയാണ്. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന മാന്‍ ലെസ് വെയ്ബ്രിഡ്ജുകളും സംസ്ഥാന അതിര്‍ത്തികളില്‍ സ്ഥാപിക്കും. ചെക് പോസ്റ്റുകള്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഒഴികെയുള്ള എല്ലാ വാഹനങ്ങളിലും ജി.പി.എസ് ഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
മോട്ടോര്‍ വാഹന വകുപ്പ് ഡിജിറ്റല്‍ വയര്‍ലെസ് സംവിധാനത്തിലാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആശയ വിനിമയം ഡിജിറ്റല്‍ വയര്‍ലെസ് സംവിധാനത്തിലാകുന്ന ഇന്ത്യയിലെ ആദ്യ ജില്ലയാണ് എറണാകുളം. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.