മുംബൈ: മുംബൈയിൽ ആരോഗ്യപ്രവർത്തകരും രാഷ്ട്രീയക്കാരും അവരുടെ ജീവനക്കാരും വിവിധ ആശുപത്രികളിൽ നിന്ന് മൂന്നാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കുന്നതായി റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചിലർ കോ-വിൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാതെയും മറ്റുചിലർ വ്യത്യസ്ത ഫോൺ നമ്പറുകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തുമാണ് മൂന്നാം ഡോസ് എടുക്കുന്നതെന്നാണ് വിവരം.
പലരും ശരീരത്തിലെ ആന്റിബോഡി നില പരിശോധിച്ചതിന് ശേഷമാണ് മൂന്നാം ഡോസ് എടുക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. നിരവധി രാജ്യങ്ങൾ അവരുടെ പൗരൻമാർക്ക് മൂന്നാം ഡോസ് നൽകാനുള്ള നീക്കം നടത്തുന്നുണ്ട്. ഇന്ത്യയിൽ രണ്ട് ഡോസ് വാക്സിൻ നൽകുന്നതിനാണ് മുൻഗണനയെന്നും മൂന്നാമത്തെ ഡോസ് സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടായേക്കില്ലെന്നും കേന്ദ്രസർക്കാർ നേരത്തെ സൂചിപ്പിച്ചിരുന്നു.
കേന്ദ്ര തീരുമാനം പ്രതികൂലമായ സാഹചര്യത്തിലാണ് ചിലർ രഹസ്യമായി വാക്സിൻ സ്വീകരിക്കുന്നത്. രോഗ പ്രതിരോധത്തിന് മൂന്നാം ഡോസ് ആവശ്യമാണോ എന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നുവരികയാണ്. വാക്സിൻ എടുത്ത 20 ശതമാനം ആളുകളിൽ കൊറോണയ്ക്കെതിരെ ആന്റിബോഡികൾ വികസിപ്പിക്കുന്നതിൽ പരാജയപ്പെടുന്നതായും അതിനാൽ വാക്സിൻ എടുത്തവരിൽ കുറഞ്ഞ അളവിൽ ആന്റിബോഡി ഉള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.
ഭുവനേശ്വറിലെ ഒരു ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരിൽ രണ്ട് ഡോസ് വാക്സിൻ എടുത്ത 23 ശതമാനം അംഗങ്ങൾക്കും സമീപകാല പഠനത്തിൽ ശരീരത്തിൽ ആന്റിബോഡി ഇല്ലെന്ന് കണ്ടെത്തിയതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
രണ്ട് ഡോസ് വാക്സിൻ എടുത്ത് അഞ്ചോ ആറോ മാസങ്ങൾക്ക് ശേഷം ശരീരത്തിലെ ആന്റിബോഡികളുടെ എണ്ണം കുറയുന്നതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടും ആന്റിബോഡികൾ ഇല്ലാത്തവർക്ക് ബൂസ്റ്റർ ഡോസ് ആവശ്യമാണെന്ന് ഭുവനേശ്വറിലെ ലൈഫ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഡോ.അജയ് പരിദ പറഞ്ഞു. ഇത് സംബന്ധിച്ച ക്ലിനിക്കൽ പഠനം അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ വാക്സിനുകളുടെ ഫലപ്രാപ്തി (കോവിഷീൽഡ്, കോവാക്സിൻ) ഏകദേശം 70 മുതൽ 80 ശതമാനമാണ്. എന്നാൽ വാക്സിൻ എടുത്തവരിൽ 20 മുതൽ 30 ശതമാനം വരെ ആൾക്കാരിൽ ആന്റിബോഡികൾ വികസിച്ചേക്കില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നതെന്നും ഡോ. അജയ് പരിദ പറഞ്ഞു.