ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റംഗവുമായ ശശി തരൂരിനതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ തെലങ്കാന പി സി സി അധ്യക്ഷന്‍ മാപ്പ് പറഞ്ഞു. തരൂരിനെതിരെ നടത്തിയ ‘കഴുത’ പരാമര്‍ശം പിന്‍വലിക്കുന്നതായും തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എ രേവന്ത് റെഡ്ഡി അറിയിച്ചു. റെഡ്ഡി പരാമര്‍ശം പിന്‍വലിച്ചതിന് പിന്നാലെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് വ്യക്തമാക്കി ശശി തരൂരും രംഗത്തെത്തി.
ക്ഷമാപണം സ്വീകരിക്കുന്നുവെന്നും ഇതോടെ പ്രശ്നങ്ങള്‍ അവസാനിച്ചുവെന്നുമാണ് ശശി തരൂര്‍ എംപി വ്യക്തമാക്കിയത്. ‘റെഡ്ഡി തന്നെ വിളിച്ചിരുന്നു. അദ്ദേഹം നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞു. ക്ഷമാപണം താന്‍ സ്വീകരിക്കുകയാണ്. ദൗര്‍ഭാഗ്യകരമായ പ്രശ്‌നം അവസാനിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്’ – തരൂര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ശശി തരൂരിനെ രേവന്ത് റെഡ്ഡി കഴുത എന്ന് വിശേഷിപ്പിക്കുന്ന ഓഡിയോ സന്ദേശം പുറത്ത് വന്നത്. തെലങ്കാനയിലെ ഐ ടി മന്ത്രി കെ ടി രാമറാവുവിനെ പ്രസംശിച്ച തരൂരിന്റെ നിലപാടിനോടുള്ള എതിര്‍പ്പ് രേഖപ്പെടുത്തവെയായിരുന്നു രേവന്ത് റെഡ്ഡിയുടെ വിവാദ പരാമര്‍ശം.
ഇംഗ്ലീഷ് അനായാസം സംസാരിക്കാന്‍ കഴിയും എന്നതുകൊണ്ട് ഒരാള്‍ അറിവുള്ള ആളാണെന്ന് കരുതാനാവില്ല. ഭാഷ ആശയവിനിമയം നടത്താനുള്ളതാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് ഇദ്ദേഹം ക്ഷമാപണവുമായി രംഗത്തെത്തിയത്. പരാമര്‍ശം സഹപ്രവര്‍ത്തകനെ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.