ബംഗളൂരു: വിവാഹ വാഗ്ദാനം നല്‍കി ബംഗളൂരുവില്‍ സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത കേസില്‍ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഐടി ജീവനക്കാരനായ ഹെറാള്‍ഡ് തോമസ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഹെറാള്‍ഡിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയില്‍ സീനിയര്‍ ടെക്കിയായി ജോലി ചെയ്തിരുന്ന ഹെറാള്‍ഡ് വൈവാഹിക സൈറ്റുകളിലൂടെ പരിചയപ്പെട്ടാണ് യുവതികളെ തട്ടിപ്പിന് ഇരയാക്കിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഇയാളുടെ ചൂഷണത്തിനിരയായെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
കേരളത്തില്‍ ഭാര്യയും മക്കളും ഉണ്ടായിരുന്നുവെങ്കിലും അക്കാര്യം മറച്ചു വച്ചായിരുന്നു ഹെറാള്‍ഡിന്റെ തട്ടിപ്പ്. സൗഹൃദത്തിലാവുന്ന സ്ത്രീകളെ ലൈംഗീകമായി ഉപയോഗിക്കുന്നത് കൂടാതെ പണവും സ്വര്‍ണവും തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ രീതി. ഇയാളുടെ തട്ടിപ്പിന് ഇരയായി പതിനഞ്ചോളം യുവതികളുണ്ടെന്നാണ് പ്രാഥമിക വിവരം.