കണക്കില്ലാത്ത അക്കൗണ്ടുകളും നിക്ഷേപകരിലെ അവ്യക്തതയും; എ ആര്‍ നഗര്‍ ബാങ്കിലെ തട്ടിപ്പും ക്രമക്കേടും നിരവധി

മലപ്പുറം: എ ആർ നഗർ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പും ക്രമക്കേടും സംബന്ധിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളും അതിനപ്പുറത്തുള്ള രാഷ്ട്രീയ ഒത്തുതീർപ്പിന്റെ സംശയങ്ങളും ബലപ്പെടുത്തുന്ന സംഗതികളാണ്. കണക്കില്ലാത്ത അക്കൗണ്ടുകളും നിക്ഷേപകരിലെ അവ്യക്തതയും വ്യാപകമാണ്.

എ.ആർ നഗർ ബാങ്കിൽ 50,839 അംഗങ്ങളാണുള്ളത്. മൊത്തം അക്കൗണ്ടുകൾ 80,000ൽ അധികമാണ്. ഇതിൽ തന്നെ ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ സംശയകരമായ 257 അക്കൗണ്ടുകൾ കണ്ടെത്തിയിട്ടുണ്ട്. 2017 മുതൽ നാളിതുവരെ 12 അന്വേഷണ റിപ്പോർട്ടുകളിൽ കോടികളുടെ ക്രമക്കേട് റിപ്പോർട്ട് ചെയ്യപ്പെട്ട് മലപ്പുറം ജോയിന്റ് രജിസ്ട്രാറുടെ മുന്നിലെത്തി.

തിരൂരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കോടികളുടെ തിരിമറി സ്ഥിരീകരിച്ചു. കോടികൾ വായ്പ നൽകിയ ഇത്തരത്തിലെ പല അക്കൗണ്ട് ഉടമകളുടെ വിവരവും ലഭ്യമല്ല. ഒരു ഡസനിലധികം പരാതികളെത്തിയതിൽ ആകെ ഉണ്ടായ നടപടി ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഹരികുമാറിനെ നിയമിച്ച ഉത്തരവ് റദ്ദാക്കിയത് മാത്രമാണ്. ആ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലും.

അവസാനത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം സംഘത്തിന്റെ നഷ്ടം നാലര കോടിയിലേറെയാണ്. എന്നാൽ ലാഭം 15 കോടിയോളമാണെന്നാണ് ഹരികുമാർ പറയുന്നു. കോടികളുടെ അഴിമതി സംഘം കേന്ദ്രീകരിച്ച് നടക്കുന്നുവെന്ന മുൻ മന്ത്രി കെ.ടി ജലീലിന്റെ ആരോപണം പി.കെ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യം വെച്ചുള്ളതാണെന്നും അതിന് ബാങ്കിനെ ഉപയോഗിക്കുകയാണെന്നുമാണ് ബാങ്ക് ഭരണസമിതി ആരോപിക്കുന്നത്.

ബാങ്കിൽ അക്കൗണ്ട് ഉടമസ്ഥന്റെ വിവരം ലഭ്യമാകുന്നതിന് കെവൈസി സമർപ്പിക്കണമെന്ന നിയമം പോലും മറികടന്നുവെന്ന് ചൂണ്ടിക്കാണിക്കുമ്പോൾ പക്ഷേ കെവൈസി നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപുള്ള അക്കൗണ്ടുകളാണെന്നതാണ് ന്യായീകരണം. ഇത്തരത്തിൽ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് നൽകിയ വായ്പയും തിരിച്ചടവും എങ്ങനെയാണെന്നത് സംബന്ധിച്ചും അവ്യക്തതയുണ്ട്.

നിരവധി പരാതികളുണ്ടായിട്ടും ഒന്നും നടപടിക്ക് വിധേയമാകാത്തത് രാഷ്ട്രീയ ഒത്തുതീർപ്പിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ കെ.ടി ജലീൽ ഉന്നയിച്ച ആരോപണത്തിൽ മാത്രം ഒതുങ്ങുന്നതല്ല എആർ നഗറിലെ ക്രമക്കേടെന്നാണ് സൂചന. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷികിന്റെ എൻആർഐ കറന്റ് നിക്ഷേപം കൂരിയാട് എസ്ബിഐ ബാങ്കിൽ നിന്ന് എആർ നഗറിലേക്ക് മാറ്റിയത് ആർബിഐ ചട്ടപ്രകാരമാണോ എന്നതുൾപ്പെടെ ജലീൽ ഉന്നയിക്കുന്ന ചോദ്യങ്ങളാണ്.