അഫ്ഗാനിസ്ഥാനിലെ പ്രമുഖരുടെ വീടുകളില്‍ നിന്ന് താലിബാന്‍ ഭീകരർ 12 മില്യന്‍ ഡോളര്‍ പിടിച്ചെടുത്തു; രാജ്യം കടുത്ത ക്ഷമാത്തിൽ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ മുന്‍ സര്‍ക്കാറില്‍ നിര്‍ണായക പദവികളിലിരുന്ന പ്രമുഖരുടെ വീടുകളില്‍ നിന്ന് താലിബാന്‍ ദീകരർ 12 മില്യന്‍ ഡോളര്‍ (88 കോടി രൂപ) വിലവരുന്ന കറന്‍സികളും സ്വര്‍ണ്ണവും പിടിച്ചെടുത്തു. പാഞ്ച്ഷീറില്‍ താലിബാൻ ഭീകരർക്കെതിരേ പടനയിച്ച മുന്‍ വൈസ്പ്രസിഡന്റ് അംറുല്ലാ സാലിഹ് അടക്കമുള്ളവരുടെ അടച്ചിട്ട വീടുകളിലാണ് താലിബാന്‍ ദീകരർ തെരച്ചില്‍ നടത്തിയത്. ഇവിടങ്ങളില്‍നിന്നും പിടിച്ചെടുത്ത സ്വര്‍ണ്ണവും നോട്ടുകളും തങ്ങള്‍ക്ക് കൈമാറിയതായി അഫ്ഗാനിസ്താന്‍ സെന്‍ട്രല്‍ ബാങ്ക് ട്വീറ്റ് ചെയ്തു.

താലിബാന്‍ ദീകരർ അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്താന്‍ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. യുദ്ധത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍, അഭയാര്‍ത്ഥി പലായനം, സര്‍ക്കാര്‍ ഓഫീസുകളും മറ്റും പ്രവര്‍ത്തനരഹിതമായത്, വിപണിയും വാണിജ്യമേഖലയും തകര്‍ന്നടിഞ്ഞത്, അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങളുടെ സഹായം നിലച്ചത് എന്നിങ്ങനെ അനേകം കാരണങ്ങളാണ് ഇതിനുള്ളത്. ഇതിനെ തുടര്‍ന്ന് എല്ലാ ക്രയവിക്രയങ്ങളും പ്രതിസന്ധിയിലാണ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു ശമ്പളം നല്‍കിയിട്ടില്ല. ബാങ്ക് നിക്ഷേപങ്ങള്‍ പിന്‍വലിക്കാനും കഴിയാത്ത അവസ്ഥയാണ്. നിലവില്‍ ആഴ്ചയില്‍ 200 ഡോളര്‍ മാത്രമാണ് പിന്‍വലിക്കാനാനാവുക. ഇതിനായി എടിഎമ്മുകളില്‍ വമ്പന്‍ തിരക്കാണ്. വെസ്റ്റേണ്‍ യൂണിയന്‍, മണിഗ്രാം തുടങ്ങിയവയിലും പ്രതിസന്ധി രൂക്ഷമാണ്. പണം പിന്‍വലിക്കാന്‍ ചെന്നവര്‍ക്ക് എവിടെനിന്നും പണം നല്‍കിയിരുന്നില്ല.

ബാങ്കുകള്‍ പ്രവിശ്യകളിലെ പല ബ്രാഞ്ചുകളും അടച്ചിരിക്കുകയാണ്. കാബൂളില്‍ ആയിരക്കണക്കിന് ആളുകളാണ് പണം പിന്‍വലിക്കാന്‍ ബാങ്കുകള്‍ക്ക് മുമ്പില്‍ കാത്തു നില്‍ക്കുന്നത്. രാജ്യം ദാരിദ്ര്യത്തിലേക്കും കടുത്ത ഭക്ഷ്യ ക്ഷാമത്തിലേക്കും നീങ്ങുകയുമാണ്.

അഫ്ഗാന്‍ സെന്‍ട്രല്‍ ബാങ്ക് പണമില്ലാതെ ദുരിതത്തിലാണ്. ഇതിനിടയിലാണ്, മുന്‍ സര്‍ക്കാറിലെ പ്രമുഖരുടെ വീടുകളില്‍നിന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ താലിബാന്‍ പിടിച്ചെടുത്തത്. ഇവരില്‍ പലരും അഫ്ഗാന്‍ ഉപേക്ഷിച്ച് വിദേശരാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടവരാണ്. അംറുല്ലാ സാലിഹ് പാഞ്ച്ഷീറില്‍നിന്നും താജിക്കിസ്താനിലേക്ക് രക്ഷപ്പെട്ടാതായാണ് റിപ്പോര്‍ട്ടുകള്‍.

താലബാന്‍ ദീകരർ കാബൂള്‍ പിടിച്ചടക്കുന്നതിന് മുമ്പായി ഹെലികോപ്റ്ററില്‍ രക്ഷപ്പെട്ട മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി മില്യന്‍ കണക്കിന് സ്വത്തുക്കളും കൂടെക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.അതിനിടെ, അഫ്ഗാനിസ്താനിലെ എല്ലാ സര്‍ക്കാര്‍ – സര്‍ക്കാരിതര സ്ഥാപനങ്ങളും സാമ്പത്തിക ഇടപാടുകള്‍ അഫ്ഗാന്‍ കറന്‍സി ഉപയോഗിച്ച് തന്നെ നടത്തണമെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.