പെരുമ്പാവൂർ: സിപിഎമ്മിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അച്ചടക്ക നടപടിക്കെതിരേ പരിഹാസമുയർത്തി കേരളാ കോൺഗ്രസ് എമ്മിൻ്റെ പ്രതിഷേധം. നടപടിയെ കളിയാക്കി ‘ശാസന കഠിന തടവോ?’ എന്ന് കേരള കോൺഗ്രസ് ചോദിക്കുന്നു. സിപിഎമ്മിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അച്ചടക്ക നടപടിയിൽ മുറുമുറുപ്പുകൾ ഉയരുകയാണ്.
പെരുമ്പാവൂരിലെ നേതാവിന് ശാസന മാത്രം നൽകി നടപടി അവസാനിപ്പിച്ച സിപിഎം നീക്കമാണ് കേരള കോൺഗ്രസ്-എമ്മിൽ അതൃപ്തിക്കിടയാക്കിയത്. പാർട്ടി ജില്ലാ പ്രസിഡന്റും പെരുമ്പാവൂരിലെ സ്ഥാനാർത്ഥിയുമായിരുന്ന ബാബു ജോസഫ്, സിപിഎം നടപടിയെ പരോക്ഷമായി കളിയാക്കി രംഗത്തുവന്നു. ശാസന വലിയ നടപടിയാണെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. ഇത്രയും വലിയ പ്രശ്നം ഉണ്ടായിട്ടു ശാസനയാണ്, ഏറ്റവും വലിയ കഠിന തടവെന്നാണു പറയുന്നതെന്ന് ബാബു ജോസഫ് പ്രതികരിച്ചു.
സിപിഎം കേന്ദ്രങ്ങളിൽ വോട്ട് മറിഞ്ഞുവെന്നു ബാബു ജോസഫ് ആരോപിച്ചു. യുഡിഎഫ് കേന്ദ്രങ്ങളായ ഒക്കൽ, കൂവപ്പടി പഞ്ചായത്തുകളിൽ ഭൂരിപക്ഷം ആയിരത്തിൽ താഴെ കൊണ്ടുവരാൻ കഴിഞ്ഞാൽ ഏഴായിരം വോട്ടിന് ഇടതുമുന്നണി ജയിക്കുമെന്നാണ് സിപിഎം നേതാക്കൾ തിരഞ്ഞെടുപ്പ് പ്രവർത്തന ഘട്ടത്തിൽ പറഞ്ഞത്.
ഒക്കലിൽ യു.ഡി.എഫ്. ഭൂരിപക്ഷം നാനൂറും കൂവപ്പടിയിൽ മുന്നൂറുമാക്കി കുറയ്ക്കാൻ തനിക്ക് സാധിച്ചു. അവിടെയെല്ലാം യു.ഡി.എഫ്. വോട്ട് അനുകൂലമായി വീണു. ഈ പഞ്ചായത്തുകളിലെ ഫലം വന്നപ്പോൾ എതിർ സ്ഥാനാർത്ഥിയായിരുന്ന എൽദോസ് കുന്നപ്പിള്ളി പരാജയം ഉറപ്പിച്ചിരുന്നു. എന്നാൽ സി.പി.എം. കേന്ദ്രങ്ങളിലെ വോട്ട് എണ്ണാൻ തുടങ്ങിയപ്പോൾ ഞെട്ടി. ആയിരം വോട്ടിന് എപ്പോഴും ലീഡ് ചെയ്യുന്ന രായമംഗലത്ത് കുന്നപ്പിള്ളി മുന്നേറി.
സ്വതന്ത്ര സ്ഥാനാർത്ഥി അവിടെ നാലായിരം വോട്ട് പിടിച്ചതും അവിശ്വസനീയമായിരുന്നു. കൂടെ നിന്നിരുന്ന സി.പി.എം. പ്രവർത്തകർക്കു പോലും ഇതിൽ സംശയം ഉണ്ടായി. തിരഞ്ഞെടുപ്പിനു വേണ്ട മുഴുവൻ പണവും സ്ഥാനാർത്ഥി എന്ന നിലയിൽ താനാണ് നൽകിയത്.
ഘടക കക്ഷികളുടെ സീറ്റിൽ അവർതന്നെ പണം കണ്ടെത്തണമെന്നാണു സി.പി.എം. നേതാക്കൾ പറഞ്ഞത്. പണത്തിന് ഒരു കുറവും മണ്ഡലത്തിൽ ഉണ്ടായില്ല. എന്നാൽ അത് വേണ്ടവണ്ണം വിനിയോഗിക്കുന്നതിൽ കുഴപ്പങ്ങൾ ഉണ്ടായെന്നും ബാബു ജോസഫ് പറയുന്നു.