എംപിക്ക് സല്യൂട്ട് അടിക്കാന്‍ പാടില്ലെന്ന് സര്‍ക്കുലറുണ്ടോ; സല്യൂട്ട് വിവാദത്തില്‍ വീണ്ടും സുരേഷ് ഗോപി

കോട്ടയം: സല്യൂട്ട് വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി സുരേഷ് ഗോപി എംപി. സല്യൂട്ട് വിവാദം ആക്കിയത് ആരാണെന്നും ആ പൊലീസ് ഓഫീസര്‍ക്ക് പരാതിയുണ്ടോ എന്നുമായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം. എം പിക്ക് സല്യൂട്ട് പാടില്ലെന്ന് ഡി ജി പി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു. സല്യൂട്ട് അടിക്കാന്‍ പറഞ്ഞത് വിവാദം ആക്കിയത് മാധ്യമപ്രവര്‍ത്തകരാണെന്ന രീതിയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

സല്യൂട്ടുമായി ബന്ധപ്പെട്ട് പൊലീസ് അസോസിയേഷന്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നല്ലോ എന്ന ചോദ്യത്തിന് അസോസിയേഷനോ ആരുടെ അസോസിയേഷന്‍, അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ പാര്‍ലമെന്റിലേക്ക് വന്ന് എന്റെ ചെയര്‍മാന് പരാതി കൊടുക്കട്ടെ. നമുക്ക് നോക്കാമെന്നായിരുന്നു സുരേഷ് ഗോപി തുടര്‍ന്ന് പറഞ്ഞത്. എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും ഔദ്യോഗികമായി സല്യൂട്ട് ചെയ്യേണ്ടതില്ലെന്ന ഒരു സര്‍ക്കുലര്‍ ഉണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിന് എന്ന് ആരുപറഞ്ഞു എന്നും സുരേഷ് ഗോപി ചോദിച്ചു.

പൊലീസ് തന്നെ ഒരു ലിസ്റ്റിറക്കിയിരുന്നെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ പൊലീസ് കേരളത്തിലാണെന്നും ഇന്ത്യയില്‍ ഒരു സംവിധാനം ഉണ്ടെന്നും അത് അനുസരിച്ചേ പറ്റൂവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആര്‍ക്ക് സല്യൂട്ട് വേണമെന്ന് ഡി ജി പിയല്ലേ പറയേണ്ടത്. അദ്ദേഹം അത് പറയട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

നാട്ടുനടപ്പ് എന്നത് രാജ്യത്തെ നിയമത്തെ അധിഷ്ഠിതമാക്കിയാണ്. ഞാന്‍ പറയുന്നത് ഈ സല്യൂട്ട് എന്ന പരിപാടിയേ അവസാനിപ്പിക്കണം. ആരേയും സല്യൂട്ട് ചെയ്യേണ്ട എന്നാണ്. പക്ഷേ അതിനകത്ത് രാഷ്ട്രീയ വിവേചനം വരുന്നത് അംഗീകരിക്കില്ല. അത് ആരായാലും. ഏത് അസോസിയേഷനായാലും, സുരേഷ് ഗോപി പറഞ്ഞു.