പാട്ന : ഒറ്റരാത്രികൊണ്ട് കോടീശ്വരന്മാരായ കുട്ടികളുടെ വാര്‍ത്ത കേട്ട് അമ്പരന്നിരിക്കുകയാണ് ഒരു ഗ്രാമം മുഴുവനും. ബീഹാറിലെ കട്ടിഹാറിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേക്കാണ് 900 കോടി രൂപയെത്തിയത്. യൂണിഫോമിനായി സ്കോളര്‍ഷിപ്പ് തുക അക്കൗണ്ടില്‍ വന്നോ എന്ന് പരിശോധിച്ചപ്പോഴാണ് മക്കള്‍ കോടിശ്വരന്മാരായ വിവരം രക്ഷകര്‍ത്താക്കള്‍ അറിഞ്ഞത്.
പണമെടുക്കനായി രക്ഷകര്‍ത്താക്കള്‍ ബാങ്കിലെത്തിയപ്പോഴാണ് ബാങ്കധികൃതരും സംഭവം അറിയുന്നത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആശിഷിന്റെ അക്കൗണ്ടില്‍ 6.2 കോടി രൂപയും ഗുരുചരണ്‍ വിശ്വാസിന്റെ അക്കൗണ്ടിഷ 900 കോടി രൂപയുമാണ് എത്തിയത് .
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ബാങ്ക് ഈ അക്കൗണ്ടുകളിലെ ഇടപാടുകള്‍ മരവിപ്പിച്ചു. പണമയക്കുന്ന സംവിധാനത്തിലെ തകരാറ് മൂലമാണ് ഇത് സംഭവിച്ചതെന്നാണ് സംശയം. അക്കൗണ്ടിലേക്ക് തെറ്റായി വന്ന പണം തിരികെ നല്കാന് വിസമ്മതിച്ച പാട്ന സ്വദേശിയെക്കുറിച്ചുള്ള വാര്‍ത്ത നേരത്തെ പുറത്തവന്നിരുന്നു.
അക്കൗണ്ടിലെത്തിയ അഞ്ചുലക്ഷം രൂപ ഇയാള്‍ ചെലവാക്കിയിരുന്നു. പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത പണം എന്ന ധാരണയില്‍ പണം ചെലവാക്കിയതായി യുവാവ് മൊഴി നല്‍കിയിരുന്നു. ബാങ്കിന്റെ പരാതിയില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.