പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡെൽഹി: സുപ്രീം കോടതി നിർദേശിച്ച പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ്. പദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിർദേശിക്കണമെന്നും ട്രസ്റ്റ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ട്രസ്റ്റിന്റെ ആവശ്യം ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കും.

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും കഴിഞ്ഞ 25 വർഷത്തെ വരവ് ചെലവ് കണക്കുകൾ വിശ്വാസയോഗ്യമായ സ്ഥാപനത്തിനെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ചേർന്ന ക്ഷേത്ര ഭരണസമിതിയും ഉപദേശക സമിതിയും ഓഡിറ്റിങ്ങിനായി ഒരു സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു. തുടർന്ന് വരവ് ചെലവ് കണക്ക് ഹാജരാക്കാൻ ട്രസ്റ്റിനോട് കമ്പനി ആവശ്യപ്പെട്ടു. ഇതിനെതിരെയാണ് ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

തങ്ങൾ സ്വതന്ത്ര സ്ഥാപനമാണെന്നാണ് ട്രസ്റ്റിന്റെ നിലപാട്. 1965ൽ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മയാണ് പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. തിരുവിതാംകൂർ രാജകുടുംബം ക്ഷേത്രത്തിൽ നടത്തുന്ന മതപരമായ ആചാരങ്ങൾ നടത്തുന്നിന് വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചത്. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ തങ്ങൾ ഇടപെടാറില്ലെന്നും സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള ശ്രീ വൈകുണ്ഡം, അനന്തശയനം, ഭജനപുര, മഹാലക്ഷ്മി, സുദർശൻ എന്നീ മണ്ഡപങ്ങളും, ചിത്രാലയം ആർട്ട് ഗാലറി, കുതിര മാളിക എന്നിവ പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്. ഇവിടെ നിന്നുള്ള വരവ് ചെലവ് കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്യുന്നില്ലെന്ന് അമിക്കസ് ക്യുറി ഗോപാൽ സുബ്രമണ്യം നേരത്തെ സുപ്രീം കോടതിക്ക് നൽകിയ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു.