പെട്രോൾ, ഡീസൽ വില താങ്ങാൻ കഴിയില്ല; സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത് പോത്ത് വാഹനത്തിൽ

പട്ന: ബിഹാറിലെ ഒരു സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത് പോത്തിന്റെ പുറത്ത്. കഴിഞ്ഞ ദിവസമാണ് സ്ഥാനാർത്ഥി ആസാദ് അമൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോത്തിന്റെ പുറത്ത് എത്തിയത്. രാംപൂരിലെ കതിഹാർ സീറ്റിൽ നിന്നാണ് അമൽ മത്സരിക്കുന്നത്. സെപ്റ്റംബർ 24 -നാണ് ബീഹാറിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.

അദ്ദേഹത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലാവുകയും, അദ്ദേഹം പ്രശസ്തനാവുകയും ചെയ്തു. 43 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ എഎൻഐയാണ് പങ്കുവെച്ചത്. അതിൽ അമൽ പോത്തിന്റെ പുറത്തിരിക്കുന്നതും, മറ്റൊരാൾ മൃഗത്തെ വലിക്കുന്നതും കാണാം. അദ്ദേഹത്തിന്റെ അനുയായികളും മറ്റ് ഗ്രാമവാസികളും ഉൾപ്പെടെ ഒരു ആൾക്കൂട്ടം തന്നെ അദ്ദേഹത്തെ പിന്തുരുന്നുണ്ട്.

എന്തിനാണ് ഇങ്ങനെ പോത്തിന്റെ പുറത്ത് വന്നത് എന്നതിനെ അദ്ദേഹത്തിന് വ്യക്തമായ ഉത്തരമുണ്ട്. താൻ ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നാണ് വരുന്നതെന്നും, തനിക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില താങ്ങാൻ കഴിയില്ലെന്നും അമൽ പറഞ്ഞു. അതിനാലാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഒരു പോത്തിന്റെ പുറത്ത് താൻ വന്നതെന്നും അദ്ദേഹം പറഞ്ഞു.

ട്വിറ്ററിൽ വീഡിയോ പങ്കിട്ടതിനുശേഷം, പതിനായിരക്കണക്കിന് ആളുകളാണ് ഇത് കണ്ടത്. കൂടാതെ ഇത് ഫേസ്ബുക്കിലും മറ്റ് പ്ലാറ്റ്ഫോമുകളിലും പങ്കുവച്ചിട്ടുമുണ്ട്. ഈ പ്രവൃത്തി രസകരവും ‘പരിസ്ഥിതി സൗഹൃദവും’ ആണെന്ന് ചിലർ പറഞ്ഞപ്പോൾ, മറ്റ് ചിലർ അത്തരം കാര്യങ്ങൾ അനുവദിക്കരുതെന്ന് എഴുതി. മൃഗത്തെ ഉപദ്രവിക്കലാണ് ഇതെന്നും ഇത് പ്രോത്സാഹിപ്പിക്കരുതെന്നും ചിലർ അഭിപ്രായപ്പെട്ടു.

അതേസമയം സ്ഥാനാർത്ഥിയെ പരിഹസിച്ചവരും കുറവല്ല. ഒരാൾ അദ്ദേഹത്തെ ‘പോത്തിന്റെ പുറത്തിരിക്കുന്ന കഴുത’ എന്ന് വരെ പരാമർശിക്കുകയുണ്ടായി.