കൊല്ലം: അമ്മയെയും മകനെയും വീടുകയറി ആക്രമിച്ച സംഭവത്തിൽ റിട്ട. ഗ്രേഡ് എസ്.ഐ. അറസ്റ്റിൽ. ചവറ സ്റ്റേഷനിൽനിന്നു വിരമിച്ച ഗ്രേഡ് എസ്.ഐ. ചവറ പുലരിയിൽ അബ്ദുൾ റഷീദ് (60) ആണ് അറസ്റ്റിലായത്.അബ്ദുൾ റഷീദ് കമ്പിവടികൊണ്ട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
തൊടിയൂർ കല്ലേലിഭാഗം കല്ലുകടവ് കുന്നേൽവീട്ടിൽ താമസിക്കുന്ന വി.ശ്രീകുമാർ (41), അമ്മ അമ്മിണിയമ്മ (61) എന്നിവരെയാണ് ആക്രമിച്ചത്. ഇരുവരും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. അബ്ദുൾ റഷീദിന്റെ നേതൃത്വത്തിൽ അഞ്ചംഗസംഘമാണ് അക്രമം നടത്തിയതെന്ന് ശ്രീകുമാർ പറഞ്ഞു. ആക്രമണംകണ്ട് സമീപവാസികളായ ചിലരെത്തി തടയുകയായിരുന്നു. ഇവർ അറിയിച്ചതനുസരിച്ച് കരുനാഗപ്പള്ളി പോലീസ് സ്ഥലത്തെത്തിയെങ്കിലും റഷീദും സംഘവും ഓടിരക്ഷപ്പെട്ടു.
തുടർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. വീടുകയറി ആക്രമണം, വധഭീഷണി മുഴക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് അറസ്റ്റെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചവറയിലെ കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട്, വിവരാവകാശപ്രവർത്തകനായ ശ്രീകുമാർ അബ്ദുൾ റഷീദിനെതിരേ പരാതിനൽകിയിരുന്നു.
പരാതിയെത്തുടർന്ന് ഇരുവരും തമ്മിൽ നേരത്തേ തർക്കമുണ്ടായിരുന്നു. പരാതിനൽകിയതിലുള്ള പ്രതികാരമാണ് അക്രമത്തിനു കാരണമെന്ന് ശ്രീകുമാർ പറയുന്നു. എന്നാൽ, അബ്ദുൾ റഷീദ് ഹണിട്രാപ്പിൽ കുടുങ്ങിയതായി ശ്രീകുമാർ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ സാമൂഹികമാധ്യമത്തിലൂടെ തർക്കവും ഉണ്ടായി.