അമൃത്സർ: തീവ്രവാദികൾക്ക് എതിരേ പഞ്ചാബിൽ അതീവ ജാഗ്രതാ നിർദേശം നൽകി മുഖ്യമന്ത്രി അമരീന്ദർ സിംഗ്. എണ്ണ ടാങ്കറിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട ഐഎസ്ഐ പരിശീലനം കിട്ടിയ നാല് ഭീകരരെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതയും നിരീക്ഷണവും ശക്തമാക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകിയത്.
അറസ്റ്റിലായ ഒസാമ, ജാവേദ് എന്നിവർക്ക് 15 ദിവസം പാക്കിസ്ഥാനിൽ പരിശീലനം കിട്ടിയെന്ന് ചോദ്യംചെയ്യലിൽ കണ്ടെത്തി. മസ്ക്കറ്റിൽ നിന്ന് കടൽമാർഗം പാകിസ്ഥാനിലെ തട്ടയിലെ കേന്ദ്രത്തിൽ പരിശീലനത്തിന് പോയയെന്ന് ഇവർ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. പരിശീലനം നൽകിയത് പാക് സൈനിക വേഷം ധരിച്ചവരെന്നും മൊഴിയിലുണ്ട്.
ഇവർക്കൊപ്പം ബംഗ്ലാദേശികളെന്ന് കരുതുന്ന 15 പേർ ഉണ്ടായിരുന്നുവെന്നും ഇവരിൽ ചിലർ ഇന്ത്യയിലേക്ക് കടന്നെന്നും പിടിയിലായവർ വെളിപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് അലഹബാദിലും ലക്നൗവിലും ഇന്ന് തെരച്ചിൽ നടന്നു. കേസിൽ ഒരാളെ കൂടി അന്വേഷണസംഘം കസ്റ്റഡിയിലെടുത്തായിട്ടാണ് സൂചന.
അതേസമയം ഡെൽഹിയിലെ ഭീകരരുടെ അറസ്റ്റിൽ അന്വേഷണത്തിൽ ഇടപെട്ട് മഹാരാഷ്ട്ര എടിഎസും. ഭീകരരിലൊരാളായ ജാൻ മുഹമ്മദ് ഷെയ്ക്കിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് എടിഎസ് സ്ഥീരീകരിച്ചു. അറസ്റ്റിലായ പ്രതികളെ പതിനാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഭീകരരുടെ അറസ്റ്റിന് പിന്നാലെ വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രത നിർദ്ദേശ നൽകിയിരുന്നു.
സംഭവത്തിന് പിന്നാലെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അടിയന്തര യോഗം വിളിച്ചു. അറസ്റ്റിലായ മുംബൈ സ്വദേശി ജാൻ മുഹമ്മദ് നിരീക്ഷണത്തിലായിരുന്നുവെന്ന് മഹാരാഷ്ട്ര എടിഎസ് വ്യക്തമാക്കുന്നു. കൂടുതൽ അന്വേഷണത്തിനായി മുംബൈ സംഘം ഡെൽഹിയിൽ എത്തുമെന്നാണ് വിവരം. ഡെൽഹി പൊലീസ് സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥർ മുംബൈയിൽ ക്യാമ്പ് ചെയ്യുമ്പോഴാണ് മഹാരാഷ്ട്ര എടിഎസും കേസിൽ ഇടപെടുന്നത്.