ബിഷപ് മാര്‍ കല്ലറങ്ങാട്ടിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ചര്‍ച്ച വേണ്ടിവന്നാല്‍ തയ്യാറെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ചര്‍ച്ച വേണ്ടിവന്നാല്‍ തയ്യാറാണെന്ന്‌ മുഖ്യമന്ത്രി. ബിഷപ്പ് പറഞ്ഞത് ലഹരിമാഫിയയെ കുറിച്ചാണെന്നും അതിനെ മതചിഹ്നവുമായി കൂട്ടിച്ചേര്‍ക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

സമൂഹത്തില്‍ നല്ല രീതിയിലുള്ള യോജിപ്പ് ഉയര്‍ത്തിക്കൊണ്ട് വരികയാണ് വേണ്ടത്. ലഹരിമരുന്ന് മാഫിയ ലോകത്ത് എല്ലായിടത്തും സര്‍ക്കാരുകളെക്കാള്‍ ശക്തമായി പ്രവര്‍ത്തിക്കുന്നവയാണ്. പക്ഷേ ആ മാഫിയയ്ക്ക് ഏതെങ്കിലും മതചിഹ്നം നല്‍കാന്‍ പാടില്ല. മുഖ്യമന്ത്രി പ്രതികരിച്ചു.

‘ബിഷപ്പിന്റെ പരാമര്‍ശം ചിലര്‍ വിവാദമാക്കുകയായിരുന്നു. അതില്‍ മതചിഹ്നം നല്‍കിയതിനെ കുറിച്ചായിരുന്നു തന്റെ പ്രതികരണം. പാലാ ബിഷപ്പിന്റെ പ്രസ്താവന ഏതെങ്കിലും മതത്തെ ഉദ്ദേശിച്ചല്ലെന്നും തങ്ങളുടെ വിഭാഗത്തിന് ലഹരിമാഫിയയെകുറിച്ച് മുന്നറിയിപ്പ് നല്‍കിയതാണെന്നും ബിഷപ്പ് തന്നെ വ്യക്തമാക്കിക്കഴിഞ്ഞതായി പിണറായി പറഞ്ഞു.

താമരശേരി രൂപതയുടെ പുസ്തകങ്ങളിലെ ആഭിചാരക്രിയ പരാമര്‍ശം നാടുവാഴിത്തത്തിന്റെ കാലത്തെ സംസ്‌കാരമാണ്. അതൊന്നും ഇന്ന് നാട്ടില്‍ ചിലവാകില്ല. ഇത് ശാസ്ത്രയുഗമാണ്. ഇന്ന് സമൂഹത്തില്‍ വര്‍ഗീയ ചിന്തകളോടെ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ യഥാര്‍ത്ഥത്തില്‍ ദുര്‍ബലമാകുകയാണ്. അത്തരക്കാര്‍ പശ്രമങ്ങള്‍ നടത്തും’. മുഖ്യമന്ത്രി പറഞ്ഞു.