പറഞ്ഞ വാക്കിന് ആറു കോടിയെക്കാള്‍ വില കൊടുത്ത് സ്മിജ; ലോട്ടറി വിൽപ്പനക്കാരിക്ക് അഭിനന്ദനങ്ങൾക്കൊപ്പം പാരിതോഷികവും

കൊച്ചി: പറഞ്ഞ വാക്കിന് ആറു കോടി രൂപയെക്കാള്‍ വില കൊടുത്ത സ്മിജയ്ക്ക് അഭിനന്ദനങ്ങൾക്കൊപ്പം പാരിതോഷികവും. ചുണങ്ങംവേലിയിലെ ലോട്ടറി വിൽപനക്കാരി സ്മിജ കെ.മോഹനനാണ് ലോട്ടറിബംപര്‍ തുക ലഭിച്ച കീഴ്മാട് ചക്കംകുളങ്ങര പാലച്ചുവട്ടില്‍ ചന്ദ്രന്റെ വക ഒരു ലക്ഷം രൂപ സമ്മാനം നൽകിയത്. മാര്‍ച്ചില്‍ സമ്മര്‍ ബംപറടിച്ച ചന്ദ്രനു കഴിഞ്ഞ ദിവസമാണ് പണം ലഭിച്ചത്. ഇതിനു പിന്നാലെയാണ് ബംപര്‍ ലോട്ടറി എടുക്കാനെന്നു പറഞ്ഞു വീട്ടിലേയ്ക്കു ക്ഷണിച്ച് ഒരു ലക്ഷം രൂപ സമ്മാനമായി സ്മിജയ്ക്കു നല്‍കിയത്.

സംഭവം ഇങ്ങനെ; കഴിഞ്ഞ മാര്‍ച്ചിലാണ് സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബംപര്‍ ലോട്ടറി, ചന്ദ്രന്‍ ഫോണിലൂടെ പറഞ്ഞുറപ്പിച്ച നമ്പരിന് അടിച്ചത്. പണം നല്‍കാതിരുന്നിട്ടുപോലും ലോട്ടറി വില്‍പനക്കാരി സ്മിജ അതു സുരക്ഷിതമായി ചന്ദ്രന്റെ വീട്ടില്‍ എത്തിച്ചു നല്‍കുകയായിരുന്നു. രാജഗിരി ആശുപത്രിക്കു മുന്നില്‍ വര്‍ഷങ്ങളായി ലോട്ടറി വില്‍ക്കുന്ന സ്മിജ, വിറ്റു പോകാതിരുന്ന ടിക്കറ്റ് പലരെയും വിളിച്ചു വേണോ എന്നു തിരക്കിയിരുന്നു.

ഒടുവില്‍ ആ ടിക്കറ്റ് മാറ്റിവയ്ക്കാന്‍ ചന്ദ്രന്‍ ആവശ്യപ്പെടുകയായിരുന്നു. ടിക്കറ്റ് വിലയായ 200 രൂപ അടുത്ത ദിവസം നല്‍കാമെന്നു പറയുകയും ചെയ്തു. സ്മിജ ടിക്കറ്റ് മാറ്റിവച്ച് ഫോട്ടോ വാട്‌സാപ്പില്‍ ചന്ദ്രന് അയച്ചു നല്‍കി. പിന്നീടാണ് ചന്ദ്രന്‍ മാറ്റിവയ്ക്കാൻ പറഞ്ഞ ടിക്കറ്റിനു സമ്മാനം അടിച്ചതും ഭര്‍ത്താവിനൊപ്പം ചന്ദ്രന്റെ വീട്ടില്‍ എത്തിച്ചു നല്‍കിയതും. സമ്മാനത്തുകയായി ഏജന്‍സി കമ്മിഷനും നികുതിയും കഴിഞ്ഞ് നാലു കോടി 20 ലക്ഷം രൂപയാണ് ചന്ദ്രന് ലഭിച്ചത്.

എറണാകുളം ജില്ലയിൽ ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്ന പ്രസിലെ താല്‍ക്കാലിക ജീവനക്കാരായിരുന്നു സ്മിജയും ഭര്‍ത്താവ് രാജേശ്വരനും. മകന്റെ ചികിത്സയ്ക്കായി ലീവെടുത്തതിന്റെ പേരില്‍ ജോലി നഷ്ടമായതിനെ തുടര്‍ന്നാണ് ഇവര്‍ ലോട്ടറിക്കച്ചവടം ആരംഭിക്കുന്നത്. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ പട്ടിമറ്റം വലമ്പൂരില്‍ ലഭിച്ച വീട്ടിലാണ് താമസം. പട്ടിമറ്റത്തെ ഭാഗ്യലക്ഷ്മി ഏജന്‍സിയില്‍ നിന്നാണ് സ്മിജ ടിക്കറ്റ് എടുത്തു വില്‍ക്കുന്നത്.

ലോട്ടറി അടിച്ച വിവരം അറിയുമ്പോള്‍ കയ്യിലെ ബാഗില്‍ ലോട്ടറിക്കൊപ്പം സ്മിതയുടെ പക്കലുണ്ടായിരുന്നത് 30 രൂപ മാത്രം. എന്നിട്ടും ആറു കോടിയുടെ ടിക്കറ്റ് ചന്ദ്രനു കൈമാറുമ്പോള്‍ സ്മിജയുടെ മനസ്സില്‍ ഒരു നഷ്ടബോധവുമുണ്ടായില്ല. പറഞ്ഞു വച്ചെങ്കിലും പണം നല്‍കിയിട്ടില്ലാത്തതിനാല്‍ കൈമാറുന്നതു വരെയും ഒരുപക്ഷെ നിയമപരമായി ആ ടിക്കറ്റിന്റെ ഉടമ സ്മിജയായിരുന്നു.

എന്നിട്ടും തന്റെ ദുരിതകാലത്ത് ഒരു ടിക്കറ്റെങ്കിലും എടുത്തു സഹായിച്ചിരുന്ന ചന്ദ്രന്‍ ചേട്ടനുള്ളതാണ് ആ സമ്മാനം എന്നതായിരുന്നു സ്മിജയുടെ നിലപാട്. വിവിധ മേഖലയില്‍ നിന്നുള്ളവരുടെ അഭിനന്ദനങ്ങള്‍ സ്മിജയ്ക്ക് ഒഴുകിയെത്തി. അഭിനന്ദിക്കാനെത്തിയ പലരും ലോട്ടറി വാങ്ങി മടങ്ങി. ലക്ഷങ്ങള്‍ കയ്യില്‍ ലഭിച്ചെങ്കിലും ഇനിയും ലോട്ടറി വിറ്റുതന്നെ ജീവിക്കും എന്നു പറഞ്ഞു സ്മിജ അതേ സ്ഥലത്തു തന്നെ ഭാഗ്യവില്‍പനയില്‍ സജീവമാണ്.

ലോട്ടറി വിറ്റതിനുള്ള കമ്മിഷന്‍ തുക 60 ലക്ഷത്തില്‍ നികുതി കിഴിച്ച് സ്മിജയ്ക്ക് 51 ലക്ഷം രൂപ കഴിഞ്ഞ മാസം ലഭിച്ചിരുന്നു. തനിക്കു സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു നൽകുമെന്നു സ്മിജ പറഞ്ഞു.