കേരളം കൂടുതൽ തുറക്കുന്നു; ഹോട്ടലിൽ ഇരുന്ന് കഴിക്കാനാകും; ബാറുകളും തുറക്കും; തീരുമാനം ഇന്ന്

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപന നിരക്ക് ചെറുതായി കുറഞ്ഞ് തുടങ്ങിയതോടെ കേരളം നിയന്ത്രണങ്ങള്‍ മാറ്റി പഴയപടിയിലേക്കാകുകയാണ്. സംസ്ഥാനത്തെ കൊറോണ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് പ്രഖ്യാപിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ചേരുന്ന അവലോകന യോഗത്തിലാകും തീരുമാനം.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുമെന്നാണ് വ്യക്തമാകുന്നത്. ടേബിളുകള്‍ തമ്മിലുള്ള അകലം കൂട്ടിയാകും അനുമതി. ബാറുകള്‍ തുറക്കുന്നകാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. കൊറോണ വ്യാപനം കുറയുകയും വാക്സിനേഷന്‍ വളരെ വേഗം മുന്നോട്ട് പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്.

തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ മ്യൂസിയങ്ങള്‍ രാവിലെ തുറക്കും. തിരുവനന്തപുരത്ത് പ്രഭാത-സായാഹ്ന നടത്തത്തിനും അനുമതിയുണ്ടാകും. ശനിയാഴ്ച ഇനി മുതല്‍ പ്രവൃത്തി ദിവസമാക്കിയിരുന്നു.

സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് ഉപയോഗിച്ചുള്ള പഞ്ചിംഗും നി‍ര്‍ബന്ധമാക്കിയിട്ടുണ്ട്. ബയോ മെട്രിക് പഞ്ചിംഗ് ആയിരിക്കില്ല. പ്ലസ് വണ്‍ പരീക്ഷയിലെ ബുധനാഴ്ചത്തെ സുപ്രം കോടതി നിലപാട് അനുസരിച്ചാകും സ്കൂള്‍ തുറക്കലില്‍ അന്തിമതീരുമാനം. തിയേറ്ററുകള്‍ തുറക്കാനും ഇനിയും കാത്തിരിക്കേണ്ടിവരും.

സംസ്ഥാനത്ത് കോളജുകൾ ഒക്ടോബർ നാലു മുതൽ തുറക്കുകയാണ്. ബിരുദ, ബിരുദാനന്തര അവസാന വർഷ വിദ്യാർഥികൾക്കാണ് തുടക്കത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസുകൾ. തത്വത്തിൽ കോളജുകൾ തുറക്കാൻ തീരുമാനിച്ചെങ്കിലും അവസാന വർഷ വിദ്യാർഥികളുടെ ക്ലാസുകളുടെ പുരോഗതി വിലയിരുത്തിയാകും ഉന്നത വിദ്യഭ്യാസ രംഗത്ത് കൂടുതൽ തീരുമാനങ്ങൾ വരിക എന്നാണ് സൂചന.