ന്യൂഡെൽഹി: മുൻ രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗിന്റെ ചെറുമകൻ ഇന്ദർജീത്ത് സിംഗ് ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം. തന്റെ മുത്തച്ഛന്റെ ആഗ്രഹമാണ് ബിജെപിയിൽ ചേർന്നതിലൂടെ താൻ നിറവേറ്റിയതെന്ന് ഇന്ദർജീത്ത് സിംഗ് പറഞ്ഞു.
ഡെൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇന്ദർജീത്ത് സിംഗ് പാർട്ടി അംഗമായത്. കോൺഗ്രസ് മുത്തച്ഛനോട് ശരിയായ രീതിയിലല്ല പെരുമാറിയത്. അതിൽ അദ്ദേഹത്തിന് ദു:ഖമുണ്ടായിരുന്നു. പൊതുപ്രവർത്തനം തുടങ്ങാൻ താൻ ആഗ്രഹിച്ചപ്പോൾ വാജ്പേയിൽ നിന്നും അദ്വാനിയിൽ നിന്നും അനുഗ്രഹം വാങ്ങണമെന്ന് മുത്തച്ഛൻ പറഞ്ഞതായും ഇന്ദർജീത്ത് സിംഗ് പറയുന്നു.
പഞ്ചാബിലുളളവരും ബിജെപിയെ ഇഷ്ടപ്പെടുന്നുവെന്നതിന്റെ തെളിവാണ് ഇന്ദർജീത്ത് സിംഗിന്റെ വരവെന്ന് പഞ്ചാബിലെ പാർട്ടി ചുമതലയുളള ദുഷ്യന്ത് ഗൗതം അഭിപ്രായപ്പെട്ടു.