‘നീറ്റ് പരീക്ഷ പേടി’; തമിഴ്നാട്ടിൽ പത്തൊൻപതുകാരൻ ആത്മഹത്യ ചെയ്തു; ‘നീറ്റിനെതിരെ നിയമവുമായി സ്റ്റാലിൻ

സേലം: മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശ പരീക്ഷയായ നീറ്റ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ തമിഴ്നാട്ടിലെ സേലത്ത് പത്തൊന്‍പതു വയസുകാരനായ ധനുഷ് എന്ന യുവാവ് ആത്മഹത്യ ചെയ്തു. മൂന്നാം തവണ നീറ്റിന് തയ്യാറെടുക്കുന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഇത്തവണയും യോഗ്യത ലഭിക്കില്ല എന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

സേലത്ത് കൊളിയൂര്‍ എന്ന ഗ്രാമത്തിലാണ് സംഭവം. പത്തൊന്‍പതുകാരന്റെ ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചില്ലെങ്കിലും, നീറ്റ് ഓര്‍ത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പത്തൊന്‍പതുകാരന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്നാണ് വീട്ടുകാരും സുഹൃത്തുക്കളും പറയുന്നത്. സാഹചര്യ തെളിവുകളും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നാണ് സേലം പൊലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട്.

ഞായറാഴ്ച രാവിലെയാണ് ധനുഷിൻ്റെ മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് ആത്മഹത്യ നടന്നത് എന്നാണ് വിവരം. മാതാപിതാക്കള്‍ നിരന്തരമായി നീറ്റ് യോഗ്യത നേടാന്‍ ഇയാളില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അസ്വാഭാവിക മരണത്തിന് ഐപിസി സെക്ഷന്‍ 174 പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്.

അതേസമയം സേലത്തെ ആത്മഹത്യയില്‍ രാഷ്ട്രീയ ആരോപണവുമായി പ്രതിപക്ഷ കക്ഷി എഐഎഡിഎംകെ രംഗത്ത് എത്തി. നീറ്റ് നിര്‍ത്തലാക്കും എന്ന ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം എന്തായി എന്ന് എഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എടപ്പാടി പഴനിസ്വാമി ചോദിച്ചു.

അതേസമയം ആത്മഹത്യയില്‍ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്ത് എത്തി. ഡിഐകെ സര്‍ക്കാര്‍ ഉടന്‍ തന്നെ നീറ്റ് സംബന്ധിച്ച്‌ ബില്ല് തമിഴ്നാട് നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് സ്റ്റാലിന്‍ അറിയിച്ചു. ഈ അനീതി അവസാനിപ്പിക്കണമെന്നും സ്റ്റാലിന്‍ പ്രസ്താവിച്ചു. 2017 മുതല്‍ നീറ്റ് പരീക്ഷ ഭയത്താൽ ഒരു ഡസന്‍ കൗമരക്കാര്‍ എങ്കിലും തമിഴ്നാട്ടില്‍ ആത്മഹത്യ ചെയ്തെന്നാണ് കണക്ക്.