തിരുവനന്തപുരം: സി പി ഐ യുടെ ഉറച്ച സീറ്റുകളിലൊന്നായ കരുനാഗപള്ളിയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തോല്‍വിയില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി സിപിഐ. കരുനാഗപള്ളിയിലെ തോല്‍വിയില്‍ സിപിഎം ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് അവലോകനത്തില്‍ സിപിഐ ഉയര്‍ത്തുന്ന വിമര്‍ശനം. ദീർഘകാലമായി സിപിഐ സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിനാണ് ഇടത് ആഭിമുഖ്യമുള്ള ഇവിടെ വിജയിച്ചിരുന്നത്.
ഉറച്ച വോട്ടുകള്‍ പോലും പല ബൂത്തുകളിലും എത്തിയില്ലെന്നും കേരള കോണ്‍ഗ്രസ് എം തോറ്റ മണ്ഡലങ്ങളിലും സി പി എം വീഴ്ച പ്രകടമാണെന്നും യോഗത്തില്‍ പരാമര്‍ശമുണ്ടായി. പാല, ചാലക്കുടി, കടത്തുരുത്തി തോല്‍വികള്‍ ഉയര്‍ത്തിയാണ് സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നത്. വി ഡി സതീശന്‍ വിജയിച്ച പറവൂറില്‍ സിപിഎമ്മിൻ്റെ പ്രവര്‍ത്തനങ്ങള്‍ സംശയകരമായിരുന്നുവെന്ന ഗുരുതര പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.
പറവൂരിൽ ഇത്തവണ സതീശൻ്റെ ഭൂരിപക്ഷം കൂടിയിരുന്നു. സിപിഎമ്മും സി പി ഐ യും തമ്മിൽ തെരഞ്ഞെടുപ്പിന് മുമ്പേ എറണാകുളം ജില്ലയിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇതെല്ലാം സതീശനുമായി ചില നീക്കുപോക്കുകളിലേക്ക് സി പി എം പ്രാദേശിക നേതൃത്വം നീങ്ങിയെന്ന ആക്ഷേപങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.
ഹരിപ്പാട് സിപിഎം വോട്ടുകള്‍ ചോര്‍ന്നു. ചാത്തന്നൂര്‍ മണ്ഡലത്തില്‍ പല വോട്ടുകളും ബി ജെപിക്ക് പോയെന്നും സിപിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിപിഎം മത്സരിച്ച മണ്ഡലങ്ങളില്‍ ഘടകക്ഷികളെ സഹകരിപ്പിച്ചില്ലെന്നും വിമര്‍ശനമുണ്ട്. ഉദുമയില്‍ ആദ്യ റൗണ്ട് സിപിഎം മാത്രം പ്രചാരണം നടത്തിയെന്നും ഘടകകക്ഷികളെ ഉള്‍പ്പെടുത്തിയില്ലെന്നുമാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.