കൊറേണ ബാധിച്ച്​ 30 ദിവസത്തിനകം മരിച്ചാൽ കൊറേണ മരണമായി കണക്കാക്കും

ന്യൂഡെൽഹി: കൊറേണ ബാധിച്ച്​ 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാൽ കൊറേണ മരണമായി കണക്കാക്കും.രാജ്യത്ത്​ കൊറേണ മരണത്തിന്‍റെ പുതുക്കിയ മാർഗരേഖയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതിയുടെ ഇട​ പെടലിന്‍റെ പശ്ചാത്തലത്തിലാണ്​ പുതിയ തീരുമാനം.

കൊറേണ ബാധിതനാണെന്ന്​ കണക്കാക്കാൻ ആന്‍റിജനോ ആർ.ടി.പി.സി.ആർ പരിശോധനയോ നടത്തണം. അതേസമയം വിഷബാധയേൽക്കൽ, ആത്മഹത്യ, കൊലപാതകം, അപകടം എന്നിവ കൊറേണ മരണമായി കണക്കില്ല. മരണസർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന മരണകാരണത്തിൽ കുടുംബാംഗങ്ങൾ സംതൃപ്തരല്ലാത്ത സാഹചര്യത്തിൽ ജില്ല തലത്തിൽ കമ്മിറ്റി രൂപീകരിച്ച്​ പരിശോധിക്കണം. 30 ദിവസത്തിനകം ഇത്തരം അപേക്ഷകൾ പരിഗണിച്ച്​ തീർപ്പാക്കണം.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക്​ കൊറേണ മരണവുമായി ബന്ധപ്പെട്ട്​ ഔദ്യോഗിക രേഖകൾ നൽകുന്നതിന്​ ‘മാർഗനിർദേശങ്ങൾ ലഘൂകരിക്കാൻ’ സുപ്രീംകോടതി കേന്ദ്രത്തോട്​​ നിർദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്​ഥാനത്തിലാണ്​ ഐ.സി.എം.ആറും കേന്ദ്രസർക്കാറും ചേർന്ന്​ തയാറാക്കിയ പുതുക്കിയ മാർഗനി​ർദേശങ്ങൾ സുപ്രീംകോടതിയിൽ സമർപ്പിച്ചത്​​. ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും.

നേരത്തേ കൊറേണ പരിശോധന നടത്തി പോസിറ്റീവായി 30 ദിവസത്തിനുള്ളിൽ മരണം സംഭവിച്ചാൽ മാത്രമേ കൊറേണ മരണമായി കണക്കാക്കിയിരുന്നുള്ളൂ. ഇതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ഇനി കൊറോണ മരണസംഖ്യ കണക്കാക്കുന്നതും പുതിയ മാർഗനിർദ്ദേശത്തെ അടിസ്ഥാനമാക്കിയാകും.