തിരുവനന്തപുരം: സെമികേഡര്‍ സംവിധാനത്തിലേക്ക് മാറുന്ന കെപിസിസി ഫണ്ട് പിരിവിനും സിപിഎം മാതൃക പിന്തുടരുന്നു. ബൂത്ത് കമ്മിറ്റികള്‍ക്ക് താഴെ പുതിയ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ രൂപീകരിക്കാനാണ് തീരുമാനം. 15 മുതല്‍ 20 വരെ വീടുകള്‍ക്ക് ഒരു യൂണിറ്റ് എന്ന നിലയിലാണ് കമ്മിറ്റികള്‍. സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെ ഈ യൂണിറ്റ് കമ്മിറ്റികളില്‍ ഉണ്ടാകും. ഇവരില്‍ നിന്ന് വാര്‍ഷിക വരിസംഖ്യ സ്വീകരിക്കും.
ഓരോ കുടുംബവും 600 രൂപ വാര്‍ഷിക വരിസംഖ്യ നല്‍കണമെന്നാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇത് പല ഘട്ടങ്ങളായോ ഒന്നിച്ചോ നല്‍കാം. ഇതു വഴി വര്‍ഷം അന്‍പത് കോടി വരെ സമാഹരിക്കാനാണ് ആലോചന. സ്ഥിരം പ്രവര്‍ത്തകര്‍ക്ക് ശമ്പളം നല്‍കുന്നതിനുള്‍പ്പടെ ഈ ഫണ്ട് വിനിയോഗിക്കും. ഓരോ ജില്ലയിലേയും ഒരു പഞ്ചായത്തില്‍ ഉടന്‍ യൂണിറ്റ് കമ്മിറ്റി ഉണ്ടാക്കും.
കെപിസിസി പ്രസിഡന്റിന്റെ ജില്ലയായ കണ്ണൂരില്‍ 11 നിയോജകമണ്ഡലത്തിലും പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കും. കോണ്‍ഗ്രസ് അനുഭാവികളുടേത് ഉള്‍പ്പടെ പട്ടിക യൂണിറ്റ് കമ്മിറ്റികള്‍ തയ്യാറാക്കും. മാസത്തില്‍ രണ്ട് തവണ യൂണിറ്റ് കമ്മിറ്റികള്‍ ചേരുമെന്നാണ് നിര്‍ദ്ദേശം. സംസ്ഥന നേതാക്കള്‍ ഉള്‍പ്പടെ കഴിയുന്ന യോഗങ്ങളില്‍ പങ്കെടുക്കണം.
വീടുകളുമായുള്ള ബന്ധമാണ് സിപിഎമ്മിന്റെ അടിസ്ഥാനമെന്ന തിരിച്ചറിവിലാണ് വീട്ടുകളിലേക്ക് പാര്‍ട്ടി ഇറങ്ങിച്ചെല്ലാന്‍ തീരുമാനിച്ചത്. സഹകരണ സംഘങ്ങളിലുള്‍പ്പടെ യൂണിറ്റ് കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രം ജോലി നല്‍കണമെന്നതുള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങള്‍ കെ സുധാകരന്‍ ഡിസിസി പ്രസിഡന്റുമാര്‍ക്ക് നല്‍കിക്കഴിഞ്ഞു.