തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല പിജി സിലബസില്‍ ഗോള്‍വാള്‍ക്കറെ പഠിക്കണമെന്ന് ചര്‍ച്ച ചെയ്തെടുത്ത തീരുമാനമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. വിദ്യാഭ്യാസ മന്ത്രിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും അറിഞ്ഞെടുത്ത തീരുമാനമാണിതെന്നാണ് സുധാകരന്റെ ആക്ഷേപം.
രണ്ടാം പിണറായി സര്‍ക്കാരിന് കാരണം ബിജെപിയാണ്. ഇടതുപക്ഷത്തെ കുരുക്കിലാക്കുന്ന ഒരവസരവും ബിജെപി ഉപയോഗിക്കുന്നില്ല. അന്വേഷണ ഏജന്‍സികള്‍ തലങ്ങും വിലങ്ങും കയറി ഇറങ്ങിയിട്ടും ഒരു തൂവല്‍ പോലും ഇളകിയില്ല. എന്തിന്റെ ഉറപ്പിലാണ് പിണറായി നില്‍ക്കുന്നതെന്ന് ഊഹിക്കാവുന്നതാണ്. സിപിഎം ബിജെപി കൂട്ടുകെട്ടാണ് കോണ്‍ഗ്രസിൻ്റെ എതിരാളിയെന്നും സുധാകരന് പറഞ്ഞു.
അതേസമയം വിവാദം ശക്തമായ സാഹചര്യത്തില്‍ കണ്ണൂര്‍ സര്‍വകലാശാല പിജി സിലബസില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികള്‍ ഉള്‍പ്പെടുത്തിയതില്‍ അപാകതയുണ്ടോ എന്ന് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയമിച്ചു. രണ്ടംഗ സമിതി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വിവാദത്തിന് പിന്നാലെ പുനപരിശോധന പ്രഖ്യാപനം നടത്തിയെങ്കിലും ഗോള്‍വാള്‍ക്കറെയും സവര്‍ക്കറെയും വിദ്യാര്‍ത്ഥികള്‍ പഠിക്കണമെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍.