തിരുവനന്തപുരം: അമ്പൂരി കണ്ടംത്തിട്ടയിൽ ഗൃഹനാഥൻ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ. കണ്ടംതിട്ട ജിബിൻ ഭവനിൽ സെൽവ മുത്തു(52)വിനെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. തലയിലും കഴുത്തിലും വെട്ടേറ്റനിലയിൽ കിടക്കയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ സുമലതയെ നെയ്യാർ ഡാം പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാവിലെയാണ് സംഭവം പുറംലോകമറിയുന്നത്. ടാപ്പിങ് തൊഴിലാളിയായ സെൽവമുത്തു ജോലിക്കിടെ വീണ് പരിക്കേറ്റ് കിടക്കുകയാണെന്നാണ് സുമലത സമീപവാസികളോട് പറഞ്ഞിരുന്നത്. സംശയം തോന്നിയ നാട്ടുകാർ പരിശോധിച്ചപ്പോൾ സെൽവമുത്തുവിന്റ തലയിലും കഴുത്തിലും വെട്ടേറ്റ മുറിവുകൾ കണ്ടെത്തി. തുടർന്ന് നെയ്യാർഡാം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തലയിലും കഴുത്തിലുമാണ് ആഴത്തിലുള്ള വെട്ടേറ്റത്. ഇതാവാം മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഭാര്യയെ നെയ്യാർഡാം പൊലീസ് ചോദ്യം ചെയ്യുകയാണ്. ആരാണ് കൊലപ്പെടുത്തിയത് എന്ന കാര്യത്തിലുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഭാര്യയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കൊലപാതകവുമായി ബന്ധപ്പെട്ട വ്യകത്മായ തെളിവുകൾ ലഭ്യമാകു എന്നാണ് പൊലീസ് പറയുന്നത്. ഇവർക്ക് മൂന്നു മക്കളാണുള്ളത്. മൂത്തമകൻ ജിബിൻ ബെംഗളൂരുവിലാണ്. ഓട്ടിസം ബാധിതനായ രണ്ടാമത്തെ മകൻ ജിത്തുവും നാലുവയസുകാരൻ ജിനോയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
സുമലത മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീ ആണെന്നാണ് നാട്ടുകാർ പറയുന്നത്. കുടുംബവഴക്കും പതിവായിരുന്നു. സുമലതയെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ വ്യക്തത വരികയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. വിരലടയാള വിദഗ്ധരും ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.