തിരുവനന്തപുരം: പൊലീസിലും കുറ്റവാളികളുണ്ടെന്നുള്ളത് ഔദ്യോഗികമായ അംഗീകരിക്കപ്പെട്ട യാഥാർത്ഥ്യമാണ്. കൊടും ക്രിമിനലുകൾ പോലുമുണ്ടെന്നു സാക്ഷ്യപ്പെടുത്തിയിട്ടുള്ളത് പൊലീസ് തലപ്പത്തുള്ളവർ തന്നെയാണ്. നിയമപാലകരെന്ന മേൽവിലാസമുള്ളതുകൊണ്ടു ഇത്തരക്കാരെക്കുറിച്ചുള്ള വിവരങ്ങൾ അധികം പുറത്തുവരാറില്ലെന്നേയുള്ളൂ.
എന്നിരുന്നാലും പൊലീസുകാർ ഉൾപ്പെട്ട കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുമ്പോഴോ വിവരാവകാശ രേഖകൾ കൈമറിഞ്ഞെത്തുമ്പോഴോ ഇടയ്ക്കിടെ മാലോകരെ ഞെട്ടിച്ചുകൊണ്ട് പൊലീസിലെ ക്രിമിനലുകളെക്കുറിച്ചും അറിയാറുണ്ട്. പൊലീസ് കേന്ദ്രങ്ങളിൽ നിന്ന് അതൊന്നും നേരിട്ടു പുറത്തുവരാറില്ലെന്നേയുള്ളൂ.
രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ തന്നെ പൊലീസ് വകുപ്പിൽ ശുദ്ധികലശം നടത്താൻ തീരുമാനിച്ചുവെന്നാണ് അറിയുന്നത്. പ്രവർത്തനം സംബന്ധിച്ച ആരോപണങ്ങൾ ഇല്ലാത്ത ഉദ്യോഗസ്ഥരെ ശുപാർശ ഇല്ലാതെ നിയമിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി എഡിജിപിയുടെ നേതൃത്വത്തിലുള്ള ഇന്റലിജൻസ് വിഭാഗം ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി.
ആഭ്യന്തര വകുപ്പിന്റെ കരിമ്പട്ടികയിൽ 70 ഇൻസ്പെക്ടർമാരും 25 ഡിവൈഎസ്‌പിമാരുമുണ്ട്. ഇരുവിഭാഗത്തിലും 10 ശതമാനം ഉദ്യോഗസ്ഥർ വിവിധ ആരോപണങ്ങൾ നേരിടുന്നു. ഇവരിൽ ഒരു വിഭാഗത്തെ കഴിഞ്ഞ രണ്ടു സ്ഥലംമാറ്റങ്ങളുടെ കൂട്ടത്തിൽ അപ്രധാന തസ്തികകളിലേക്കു മാറ്റി. അടുത്ത പട്ടിക ഉടനെ ഇറങ്ങും. അതിലും ആരോപണ വിധേയർ പുറത്താകും. ഇൻസ്പെക്ടർ (മുൻപ് സിഐ), ഡിവൈഎസ്‌പി എന്നീ തസ്തികകളിലാണ് മാറ്റം. സംസ്ഥാനത്ത് 714 ഇൻസ്പെക്ടർമാരും 325 ഡിവൈഎസ്‌പിമാരുമുണ്ട്.
പൊലീസ് സ്ഥലംമാറ്റത്തിൽ പാർട്ടിയും പുറത്തായി. അടുത്തിടെ സ്ഥലംമാറ്റപ്പെട്ട ഡിവൈഎസ്‌പി സിപിഎം പൊളിറ്റ്ബ്യൂറോ അംഗത്തിന്റെ ബന്ധുവാണ്. പ്രവർത്തന മികവു പോര എന്ന റിപ്പോർട്ട് വന്നതോടെ പാർട്ടി ബന്ധുവും പുറത്തായി. തെക്കൻ ജില്ലയിലെ ഒരു ഡിവൈഎസ്‌പി തനിക്ക് മാറ്റം വരുന്നുവെന്ന് അറിഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയെ തന്നെ സമീപിച്ചു. പാർട്ടിയും ഇടപെട്ടു. എന്നിട്ടും രക്ഷയില്ല. ഉദ്യോഗസ്ഥൻ കുറ്റാന്വേഷണ വിഭാഗത്തിലേക്കു മാറി. സെക്രട്ടറിക്കു താക്കീതും കിട്ടി.
ഇന്റലിജൻസ് എഡിജിപിയുടെ സ്ക്വാഡാണ് പൊലീസുകാരെ നിരിക്ഷിക്കുന്നത്. അഴിമതി, പെരുമാറ്റം, ഭൂമി, പാറമട പോലുള്ള ഇടപാടുകൾ, മാഫിയകളുമായുള്ള ബന്ധം എന്നിവയാണ് നോക്കുന്നത്. പതിവായി ഫോൺ എടുക്കാത്ത ഉദ്യോഗസ്ഥനും കിട്ടി സ്ഥലംമാറ്റം. ഇന്റലിജൻസ് എഡിജിപി നേരിട്ട് മുഖ്യമന്ത്രിക്കാണ് വിവരങ്ങൾ കൈമാറുന്നത്.
കരിമ്പട്ടികയിൽ പെട്ടാൽ സ്ഥലംമാറ്റം മാത്രമല്ല. സ്പെഷൽ ബ്രാഞ്ച്, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച്, നാർകോട്ടിക്സ് തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് മാറ്റം. മിക്കവാറും സ്വന്തം ജില്ലയും കിട്ടില്ല.