കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കമര്‍ഹട്ടിയില്‍ വയറിളക്കം ബാധിച്ച് രണ്ട് പേര്‍ മരിക്കുകയും 300 പേരോളം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. നോര്‍ത്ത് 24 പര്‍ഗാനാസിലാണ് സംഭവം. പ്രദേശത്ത് കോളറ വ്യാപകമായിരിക്കുകയാണെന്നാണ് ഇതോടെ ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
297 പേര്‍ കോളറ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തി. ഇതില്‍ 150 പേര്‍ ആശുപത്രിയില്‍ തന്നെ ചികിത്സ തുടരുകയാണ്. ഇക്കൂട്ടത്തിലെ ചിലരില്‍ നിന്നായി എടുത്ത സാമ്പിള്‍ വിശദപരിശോധനയ്ക്ക് അയച്ചപ്പോള്‍ ‘വിബ്രിയോ കോളറ 01 ഒഗാവ’ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.
കോളറയ്ക്ക് കാരണമാകുന്ന ബാക്ടീരിയയാണിത്. പ്രധാനമായും മലിനമായ വെള്ളത്തിലൂടെയാണ് ഈ ബാക്ടീരിയ മനുഷ്യശരീരത്തിലെത്തുന്നത്. ഇത് കുടലിനകത്ത് ഗുരുതരമായ അണുാധയുണ്ടാക്കുകയാണ് ചെയ്യുന്നത്.
ഇപ്പോള്‍ കോളറ വ്യാപകമായിരിക്കുന്ന പ്രദേശത്തെ കുടിവെള്ളം പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ മെഡിക്കല്‍ ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്.