കണ്ണൂര്‍: വിവാദ വ്ലോഗര്‍ സഹോദരങ്ങളായ ഇ-ബുള്‍ ജെറ്റിന്റെ മോടി പിടിപ്പിക്കലില്‍ വിവാദമായ ‘നെപ്പോളിയന്‍’ കാരവാന്റെ രജിസ്‌ട്രേഷന്‍ താത്കാലികമായി റദ്ദാക്കി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തില്‍ വാഹന ഉടമകളുടെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് എംവിഡി നടപടി എടുത്തിരിക്കുന്നത്.
ആറ് മാസത്തേക്കാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയിരിക്കുന്നത്. ഇബുള്‍ ജെറ്റിനെതിരായ കേസില്‍ എംവിഡി നേരത്തെ തന്നെ കുറ്റപത്രം സമര്‍പ്പിച്ചതാണ്. തലശ്ശേരി എസിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 42400 രൂപ പിഴ ഒടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് കുറ്റപത്രം നല്‍കിയത്.
1988-ലെ എംവിഡി നിയമവും, കേരള മോട്ടോര്‍ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. താക്കീത് എന്ന നിലയിലാണ് ഇപ്പോള്‍ താത്കാലികമായി രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുള്ളത്. മൂന്ന് മാസത്തിനുള്ളില്‍ വാഹനം അതിന്റെ യഥാര്‍ഥ രൂപത്തിലേക്ക് മാറ്റി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാക്കിയില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ണമായി റദ്ദാക്കുകയാണ് നിയമം അനുസരിച്ചുള്ള അടുത്ത നടപടിയെന്നാണ് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ പറയുന്നത്. വാഹനത്തിന്റെ രൂപം പൂര്‍ണമായും നിയമവിരുദ്ധമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഓഗസ്റ്റ് ഒമ്പതാം തീയതിയാണ് ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍ സഹോദരന്‍മാര്‍ കണ്ണൂര്‍ ആര്‍ടി ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഓഫീസില്‍ എത്തി ബഹളം വയ്ക്കുകയും , പൊതുമുതല്‍ നശിപ്പിക്കുകയും, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കുകയും ചെയ്ത കേസിലാണ് ഈ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ അറസ്റ്റിലായത്. റിമാന്‍ഡിലായതിന്‍റെ പിറ്റേ ദിവസം മജിസ്ട്രേറ്റ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.
നേരത്തെ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇവര്‍ ഏഴായിരം രൂപ കെട്ടിവച്ചിരുന്നു. പത്ത് വകുപ്പുകളാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. വാഹനത്തില്‍ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാര്‍ജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും നല്‍കണമെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇവര്‍ ഇതിന് തയാറായില്ല.