ഭാരത് സീരിസ് രജിസ്ട്രേഷൻ്റെ മറവിൽ നികുതിവെട്ടിപ്പിനുള്ള സാധ്യത തടയാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: അന്തർസംസ്ഥാന വാഹന രജിസ്ട്രേഷനായ ഭാരത് സീരിസ് (ബി.എച്ച്.) വരുമ്പോൾ അതിന്റെ മറവിൽ നികുതിവെട്ടിപ്പിനുള്ള സാധ്യത തടയാൻ സംസ്ഥാനം വഴിതേടുന്നു. വാഹന വിലയുടെ 21 ശതമാനംവരെ സംസ്ഥാനത്ത് നികുതി ഈടാക്കുമ്പോൾ കേന്ദ്ര രജിസ്ട്രേഷന് പരമാവധി 12 ശതമാനമാണ് നൽകേണ്ടത്. ഇതാണ് ലാഭം.

ആഡംബരവാഹനങ്ങൾ ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതിനുപകരം ബി.എച്ച്. രജിസ്ട്രേഷൻ നേടാനും കൈമാറാനും ഇടയുണ്ട്. ഇതു തടയാൻ ബി.എച്ച്. രജിസ്ട്രേഷൻ വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള വ്യവസ്ഥകൾ കർശനമാക്കുക എന്നതാണ് ആലോചിക്കുന്നത്.

നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ സാന്നിധ്യമുള്ള സർക്കാർ, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബി.എച്ച്. രജിസ്ട്രേഷന് അർഹതയുണ്ട്. ബി.എച്ച്. രജിസ്ട്രേഷൻ അർഹതയുള്ളവരെക്കൊണ്ട് വാഹനങ്ങൾ വാങ്ങിപ്പിച്ചശേഷം മറ്റൊരാൾക്ക് വിൽക്കാനിടയുണ്ട്. 15 വർഷത്തേക്കു കൂടിയനിരക്കിൽ നികുതി അടയ്ക്കുന്നതിനു പകരം രണ്ടുവർഷത്തേക്ക് കുറഞ്ഞനിരക്കിൽ നികുതി അടച്ചാൽ മതിയെന്നതും ഇതിനു പ്രേരിപ്പിക്കും.

വാഹനം കൈമാറുമ്പോൾ പുതിയ ഉടമയ്ക്ക് ബി.എച്ച്. രജിസ്ട്രേഷന് അർഹതയില്ലെങ്കിൽ സംസ്ഥാനത്ത് നിലവിലുള്ള നികുതിനിരക്ക് ചുമത്താൻ അനുമതി തേടി സംസ്ഥാനസർക്കാർ കേന്ദ്രത്തെ സമീപിച്ചേക്കും. ബി.എച്ച്. രജിസ്ട്രേഷന്റെ വിജ്ഞാപനം വന്നെങ്കിലും ഉടമസ്ഥാവകാശ കൈമാറ്റം, നികുതി വീതംവെപ്പ് എന്നിവ സംബന്ധിച്ച് കേന്ദ്രം വ്യവസ്ഥകൾ ഇറക്കിയിട്ടില്ല.