കാബൂള്‍: അഫ്ഗാനില്‍ ഭരണം പിടിച്ച താലിബാൻ ഭീകരർക്ക് എതിരേ പ്രതിഷേധം ശക്തമാകുന്നു. പടിഞ്ഞാറന്‍ അഫ്ഗാന്‍ നഗരമായ ഹെറാത്തില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നടത്തിയ വെടിവെയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അതേസമയം പുതിയ സര്‍ക്കാര്‍ ശരിയത്ത് നിയമപ്രകാരമായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് താലിബാന്‍ ഭീകര നേതാവ് ഹിബാത്തുളള അഖുണ്ഡ്‌സാദ വ്യക്തമാക്കി. ഇസ്ലാമിക നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ പൗരന്‍മാരും കഠിനമായി പരിശ്രമിക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് ഹിബാത്തുളള പറഞ്ഞു. പൊതുവില്‍ അധികം പ്രത്യക്ഷപ്പെടാത്ത ഹിബാത്തുളള ഇംഗ്ലീഷില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മൂന്ന് ദിവസങ്ങളായി കാബൂളിലും ഹെറാത്തിലും താലിബാൻ ഭീകരർക്ക് എതിരേ സ്ത്രീകള്‍ അടക്കമുളള പ്രതിഷേധക്കാര്‍ സജീവമായി തെരുവില്‍ ഇറങ്ങുന്നുണ്ട്. വനിതകള്‍ക്ക് ജോലി ചെയ്യാനുളള അവകാശത്തിന് വേണ്ടിയും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം തുടരാനുളള അനുമതിക്ക് വേണ്ടിയുമായിരുന്നു ആദ്യ ഘട്ടത്തില്‍ പ്രതിഷേധം. പിന്നീട് താലിബാന്‍ ഭീകരർ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ ചോദ്യം ചെയ്തും പ്രതിഷേധങ്ങള്‍ നടന്നു.