ന്യൂഡെല്‍ഹി: കൊറോണ മൂന്നാം തരംഗം ഇതിനോടകം രാജ്യത്ത് എത്തിയിട്ടുണ്ടെന്ന് ചില സംസ്ഥാനങ്ങള്‍ പറയുമ്പോഴും മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കില്ലെന്ന് ആരോഗ്യ വിദഗ്ധര്‍. ഇന്ത്യയിലെ അതിവേഗത്തിലുള്ള വാക്‌സിനേഷനും രോഗബാധിതരുടെ എണ്ണത്തിലുള്ള കുറവുമാണ് ഇതിന് കാരണമായി ചൂണ്ടികാണിക്കുന്നത്.
ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വകഭേദം പടര്‍ന്നാല്‍ മാത്രമേ ഇനി മൂന്നാം തരംഗത്തിന് സാദ്ധ്യതയുള്ളൂവെന്ന് കാണ്‍പൂര്‍ ഐഐടി പ്രൊഫസറായ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു. രാജ്യത്ത് ഏപ്രില്‍- മെയ് മാസങ്ങളില്‍ 20 ശതമാനത്തിന് മുകളിലായിരുന്ന ടിപിആര്‍ ഇപ്പോള്‍ 2.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
കേരളത്തിലെ രോഗികളുടെ എണ്ണത്തില്‍ കുറവ് വരുന്നതോടെ രാജ്യത്തെ മുഴുവന്‍ സാഹചര്യവും മെച്ചപ്പെടുമെന്നും പ്രൊ.മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് ഒരു നിശ്ചിത കാലയളവില്‍ ടിപിആര്‍ അഞ്ച് ശതമാനത്തിന് താഴെയാണെങ്കില്‍ രോഗബാധ കുറഞ്ഞതായി കണക്കാക്കാം. ഇന്ത്യയില്‍ ടിപിആര്‍ കഴിഞ്ഞ രണ്ടാഴ്ചയായി അഞ്ച് ശതമാനത്തിന് താഴെയാണ്.
ഇന്ത്യയിലെ അതിവേഗത്തിലുള്ള വാക്‌സിനേഷനും കൊറോണ തടയുന്നതിന് സഹായകമാവുമെന്നാണ് വിദഗ്ദ്ധരുടെ പ്രതീക്ഷ. രാജ്യത്ത് ആകെ 70,75,43,018 പേര്‍ക്കാണ് ഇതുവരെ കൊറോണ പ്രതിരോധ വാക്‌സിന്‍ നല്‍കിയിരിക്കുന്നത്.
ഇന്ത്യയില്‍ നിലവില്‍ രണ്ട് അതിതീവ്ര കൊറോണ വ്യാപനമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായിരുന്നു കൊറോണയുടെ ഒന്നാം തരംഗം. ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ രണ്ടാം തരംഗവുമുണ്ടായി.