കുവൈറ്റ് : മൂന്നുവർഷത്തിൽ കുറവുള്ള തടവുശിക്ഷ സ്വന്തം വീട്ടിൽ അനുഭവിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. വിളിപ്പുറത്ത് ഉണ്ടായിരിക്കണമെന്നും പുറത്തുപോകരുതെന്നുമുള്ള നിബന്ധനക്ക് വിധേയാമായാണ് ഇൗ അവസരം നൽകുക. ഇത് ഉറപ്പുവരുത്താനായി തടവുപുള്ളിയുടെ ദേഹത്ത് ഇലക്ട്രോണിക് വള അണിയിക്കും. ഇതുപയോഗിച്ച് അധികൃതർക്ക് നീക്കങ്ങൾ നിരീക്ഷിക്കാൻ കഴിയും.
ആശുപത്രിയിൽ പോകാൻ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപറേഷൻ റൂമിൽ വിളിച്ച് അനുമതി വാങ്ങണം. വീട്ടിൽ സിഗ്നൽ ജാമർ വെക്കരുത്. ഇലക്ട്രോണിക് വള ഒഴിവാക്കാനോ നശിപ്പിക്കാനോ ശ്രമിക്കരുത്. ഇങ്ങനെ ചെയ്താൽ വേറെ കേസ് ചുമത്തുകയും വീണ്ടും ജയിലിലേക്ക് മാറ്റുകയും ചെയ്യും.
അതേസമയം, ആർക്കുവേണമെങ്കിലും വീട്ടിൽ തടവുകാരനെ സന്ദർശിക്കാൻ കഴിയും. കുടുംബാംഗങ്ങളുടെ അംഗീകാരപത്രം സഹിതം ജയിൽ അഡ്മിനിസ്ട്രേഷന് അപേക്ഷ സമർപ്പിച്ച് പദ്ധതി പ്രയോജനപ്പെടുത്താം. മാനുഷിക പരിഗണന വെച്ചും തടവുകാരെ നല്ല ജീവിതത്തിലേക്ക് മടങ്ങിവരാൻ പ്രേരിപ്പിക്കാൻ വേണ്ടിയുമാണ് ഇത്തരമൊരു പദ്ധതി അവതരിപ്പിക്കുന്നതെന്ന് അധികൃതർ പറയുന്നു.
പുതിയ ശിക്ഷാരീതിക്ക് പബ്ലിക് പ്രോസിക്യൂഷൻ അനുമതി നൽകിയതായി ആഭ്യന്തര മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ തലാൽ അൽ മഅറഫി പറഞ്ഞു. നിർബന്ധിത ഹോം ക്വാറൻറീൻ അനുഷ്ടിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇലക്ട്രോണിക് വള ഉപയോഗിച്ചിരുന്നു. കുവൈറ്റിൽ ജയിൽ അന്തേവാസികളുടെ ആധിക്യം സൃഷ്ടിക്കുന്ന പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്നതാണ് വീട്ടിലെ തടവ് പദ്ധതി. ഇതണിഞ്ഞയാൾ നിശ്ചിത പരിധിക്ക് പുറത്തുപോയാൽ ഉടൻ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപറേഷൻ റൂമിൽ അറിയാൻ കഴിയും.