വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല; എ ആര്‍ ബാങ്ക് വിഷയത്തില്‍ ഇഡി അന്വേഷണം ആവശ്യപ്പെടില്ല; കെടി ജലീലിനെ തള്ളി സഹകരണമന്ത്രിയും

തിരുവനന്തപുരം: എ ആര്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പില്‍ കെ ടി ജലീലിനെ തള്ളി സഹകരണവകുപ്പ് മന്ത്രി വിഎന്‍ വാസവനും. സഹകരണ സ്ഥാപനങ്ങളിലെ വിഷയങ്ങളില്‍ ഇഡി അന്വേഷിക്കേണ്ട കാര്യമില്ലെന്ന് വാസവന്‍ പറഞ്ഞു.
എആര്‍ ബാങ്ക് വിഷയം ജലീല്‍ തന്നെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. ഇത് അന്വേഷിക്കാന്‍ കേരളത്തില്‍ സംവിധാനമുണ്ട്,’ മന്ത്രി പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി നന്നായി കമന്റ് ചെയ്തിട്ടുണ്ടെന്നും വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എ ആര്‍ ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇപ്പോഴാണ് ഉയര്‍ന്നുവന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം എ ആര്‍ ബാങ്ക് തട്ടിപ്പ് ഇഡി അന്വേഷിക്കണമെന്ന് കെടി ജലീല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഉചിതമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സഹകരണ മേഖലയില്‍ ഇ ഡി അന്വേഷണങ്ങള്‍ വേണ്ടെന്നാണ് മുഖ്യമന്ത്രിയും പറഞ്ഞത്.

ഇ ഡി പലതവണ ചോദ്യം ചെയ്തതിനാല്‍ ജലീലിന് വിശ്വാസം കൂടിയിട്ടുണ്ടാകുമെന്നും പറഞ്ഞ മുഖ്യമന്ത്രി പ്രസ്തുത വിഷയത്തില്‍ സഹകരണവകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. നിലവില്‍ ഹൈക്കോടതി സ്റ്റേ ഉള്ളതിനാലാണ് മുന്നോട്ടുപോകാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയ്ക്ക് തന്നെ ശാസിക്കാനും തിരുത്താനുമുള്ള അവകാശമുണ്ടെന്നായിരുന്നു ഇതിന് പിന്നാലെ ജലീലിന്റെ മറുപടി. ‘ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍വല്‍ക്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും.

മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം,’ ജലീല്‍ പറഞ്ഞു. എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 1021 കോടിയുടെ കള്ളപ്പണ ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പിന്റെ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്നും ഇതിന്റെ മുഖ്യസൂത്രധാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്നും ജലീല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.