പശ്ചിമബംഗാളില്‍ ബിജെപി എംപി അര്‍ജുന്‍ സിങിന്റെ വീടിന് നേരെ ബോംബാക്രമണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി എംപിയുടെ വീടിന് നേരെ ബോംബാക്രമണം.എംപിയായ അര്‍ജുന്‍ സിങിന്റെ വീടിന് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

കൊല്‍ക്കത്തയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ ജഗതാദലില്‍ വച്ചാണ് ആക്രമണമുണ്ടായത്. അഞ്ജാതരായ മൂന്ന് പേര്‍ ബോംബ് എറിയുകയായിരുന്നു. ബൈക്കിലെത്തിയ മൂന്ന് പേര്‍ വീടിന് നേരെ ആക്രമണം നടത്തിയത്. പുലര്‍ച്ചെ ആറരയോടെയാണ് സംഭവമുണ്ടായത്.

അതേസമയം, ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു. ബോംബാക്രമണത്തില്‍ എം പിയുടെ വീടിന് മുന്നിലുള്ള ഇരുമ്പ് ഗേറ്റിന് തകരാറ് ഉണ്ടായിട്ടുണ്ട്. ആക്രമണസമയത്ത് അര്‍ജുന്‍ സിങ്ങ് ഡല്‍ഹിയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് അദ്ദേഹം തിരികെ ബംഗാളിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍, അദ്ദേഹത്തിന്റെ മറ്റ് കുടുംബാംഗങ്ങള്‍ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തെ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ വിമര്‍ശിച്ചു. ട്വിറ്റര്‍ കുറിപ്പിലൂടെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. ബംഗാളിലെ ‘അക്രമം ആവശ്യമില്ലാത്തത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. വിഷയം മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അറിയിച്ചതായും വ്യക്തമാക്കി.