തൃശ്ശൂർ: ഭാവിയിൽ പൊട്ടിപ്പുറപ്പെടാനിരിക്കുന്ന പകർച്ചവ്യാധികളുടെ കേന്ദ്രമാകാവുന്ന സ്ഥലങ്ങളിൽ കേരളവും. ജന്തുജന്യരോഗങ്ങൾ കേരളത്തിൽ വ്യാപിക്കുന്നതായി വിദഗ്ധ പഠനം. വന്യജീവികളിൽ നിന്ന് പടരുന്ന ജന്തുജന്യരോഗങ്ങളുടെയും (വൈൽഡ് ലൈഫ് സൂണോട്ടിക് രോഗങ്ങൾ)കൊതുകുകൾ പരത്തുന്ന വൈറസ്ബാധകളുടെയും ഹോട്ട് സ്പോട്ടുകളുടെ പട്ടികയിൽ ചൈനയ്ക്കൊപ്പം കേരളവുമുണ്ട്. നേച്വർ ജേണലിൽ പ്രസിദ്ധീകരിച്ച ‘ഭൂമി ഉപയോഗത്തിലുണ്ടായ മാറ്റവും കന്നുകാലിവിപ്ലവവും റൈനോലോഫിഡ് വവ്വാലുകളിൽനിന്നുള്ള വൈറസ് വ്യാപനഭീഷണിയുയർത്തുന്നു’ എന്ന പഠനത്തിലാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
ഇറ്റലിയിലെ രണ്ട് ശാസ്ത്രജ്ഞരും അമേരിക്ക, ന്യൂസീലൻഡ് എന്നിവിടങ്ങളിലെ ഓരോ ശാസ്ത്രജ്ഞരും ചേർന്നാണ് പഠനം നടത്തിയത്. വനശിഥിലീകരണം, ഉയർന്ന വളർത്തുമൃഗസാന്ദ്രത, ഉയർന്ന ജനസാന്നിധ്യം എന്നിങ്ങനെ സൂണോട്ടിക് രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിനുള്ള മൂന്ന് പ്രധാനകാരണങ്ങൾ ഒന്നിച്ചുവരുന്ന മേഖലകളെയാണ് ഹോട്ട് സ്പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചൈനയ്ക്കും
കേരളത്തിനും പുറമേ ജാവ, ഭൂട്ടാൻ, കിഴക്കൻ നേപ്പാൾ, വടക്കുകിഴക്കൻ ഇന്ത്യ തുടങ്ങിയവയാണ് മറ്റ് ഹോട്ട് സ്പോട്ടുകൾ. സാർസ് കൊറോണ വൈറസുകളുടെ പ്രധാനവാഹകരായ ഏഷ്യൻ ഹോർസ്ഷൂ വവ്വാലുകളുടെ സാന്നിധ്യമുള്ളയിടങ്ങളിലാണ് പഠനം നടത്തിയത്.
ഭാവിയിൽ പൊട്ടിപ്പുറപ്പെടാനിരിക്കുന്ന പകർച്ചവ്യാധികളുടെ കേന്ദ്രമാകാവുന്ന സ്ഥലങ്ങളിൽ കേരളവും ഉൾപ്പെടുമെന്ന് 2008-ൽ ‘ഗ്ലോബൽ ട്രെൻഡ്സ് ഇൻ എമർജിങ് ഇൻഫെക്ഷ്യസ് ഡിസീസസ്’ എന്ന പഠനത്തിൽ വ്യക്തമാക്കിയിരുന്നു. 2017-ൽ ഇതേ ജേണലിൽ ‘ഗ്ലോബൽ ട്രെൻഡ്സ് ഇൻ എമർജിങ് ഇൻഫെക്ഷ്യസ് ഡിസീസസ്’ എന്ന പഠനത്തിലും കേരളത്തെ ഭാവിയിലുണ്ടാകാവുന്ന പകർച്ചവ്യാധികളുടെ ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.