കൊറോണയെ പിടിച്ചുകെട്ടാന്‍ കുഞ്ഞുങ്ങള്‍ക്ക് അടക്കം വാക്‌സിന്‍ ലഭ്യമാക്കി ക്യൂബ

ഹവാന: കൊറോണ് മഹാമാരി പിടിച്ചുകെട്ടാനും രണ്ട് വര്‍ഷം മുന്‍പ് അടച്ചിട്ട ക്ലാസ് മുറികള്‍ തുറക്കാനുമായി കുഞ്ഞുങ്ങള്‍ക്ക് അടക്കം പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ച് ക്യൂബ. വിവിധ രാജ്യങ്ങളില്‍
12 വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കാന്‍ അനുമതിയുള്ളത്. എന്നാല്‍ ലോകത്ത് ആദ്യമായി കുഞ്ഞുങ്ങള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ചിരിക്കുകയാണ് ക്യൂബ.

രണ്ട് വയസു മുതലുള്ള കുഞ്ഞുങ്ങള്‍ക്കാണ് ക്യൂബയില്‍ തിങ്കളാഴ്ച മുതല്‍ കൊറോണ വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്. കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിന്‍ ഇതുവരെ ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടില്ല. 2020 മാര്‍ച്ച് മുതല്‍ അടഞ്ഞു കിടക്കുന്ന സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായാണ് ക്യൂബ വാക്‌സിനേഷന്‍ വ്യാപിപ്പിക്കുന്നത്.

രാജ്യത്ത് ഇന്റര്‍നെറ്റ് ലഭ്യത കുറവായതിനാല്‍ ടെലിവിഷന്‍ വഴിയാണ് നിലവില്‍ കുട്ടികള്‍ക്ക് ക്ലാസുകള്‍ എത്തിക്കുന്നത്. ക്യൂബ വികസിപ്പിച്ച ആഡ്ബാല, സോബറെന എന്നീ വാക്‌സിനുകളാണ് കുട്ടികളില്‍ കുത്തിവെയ്ക്കുന്നത്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ 12 വയസിനു മുകളില്‍ പ്രായമുള്ള കുട്ടികളില്‍ വെള്ളിയാഴ്ച മുതല്‍ വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നു.

നിലവിലെ വാക്സിനേഷന് പിന്നാലെയാണ് സിയെന്‍ഫ്യൂഗോ പ്രവിശ്യയില്‍ രണ്ട് വയസിനും 12 വയസിനും ഇടയില്‍ പ്രായുള്ള കുട്ടികളിലെ വാക്‌സിനേഷനും തുടങ്ങിയത്. പല രാജ്യങ്ങളിലും ഇതിനോടകം 12 വയസിനു മുകളില്‍ പ്രായമുള്ള കുട്ടികളില്‍ കൊറോണ വാക്‌സിന്‍ നല്‍കുന്നുണ്ട്. മറ്റു പല രാജ്യങ്ങളിലും കുട്ടികളിലെ വാക്‌സിന് ക്ലിനിക്കല്‍ പരീക്ഷണവും തുടരുകയാണ്.

ചൈനയും യുഎഇയുംഅടക്കമുള്ള രാജ്യങ്ങളും കൊച്ചുകുട്ടികളിലേയ്ക്കും വാക്‌സിനേഷന്‍ വ്യാപിപ്പിക്കുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കയില്‍ ആദ്യമായി വാക്‌സിന്‍ വികസിപ്പിക്കുന്ന രാജ്യവും ക്യൂബയാണ്. യുഎസിലെ നൊവോവാക്‌സ്, ഫ്രാന്‍സിന്റെ സനോഫി വാക്‌സിനുകള്‍ക്ക് സമാനമായി റീകോംബിനന്റ് പ്രോട്ടീന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചിരിക്കുന്ന വാക്‌സിനുകളാണ് ഇവ.

ക്യൂബന്‍ വാക്‌സിന്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല. നോവോവാക്‌സ്, സനോഫി വാക്‌സിനുകളും ലോകാരോഗ്യ സംഘടനയുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്. സാധാരണ ഫ്രിഡ്ജിലെ താപനിലയില്‍ കേടുകൂടാതെ സൂക്ഷിക്കാനാകുമെന്നതാണ് ഈ വാക്‌സിന്റെ പ്രധാന മെച്ചം.