ഇടുക്കി: കൊറോണ വാക്സീൻ എടുക്കാത്ത ആദിവാസികൾക്ക് വാക്സീനെടുത്തെന്ന് മൊബൈലിൽ സന്ദേശവും സാക്ഷ്യപത്രവും. ഇടുക്കി കണ്ണംപടിയിലെ വാക്സീൻ ക്യാമ്പില്‍ പേര് രജിസ്റ്റർ ചെയ്ത ആദിവാസി മൂപ്പൻമാർ ഉൾപ്പെടെയുള്ളവർക്കാണ് വാക്സീനെടുക്കാതെ തന്നെ സർട്ടിഫിക്കറ്റ് കിട്ടിയത്. സാങ്കേതിക പ്രശ്നമാണ് കാരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം.
ആറ് കുടികളിലുള്ളവര്‍ക്കായി കഴിഞ്ഞ ദിവസമാണ് കണ്ണംപടി സർക്കാർ സ്ക്കൂളിൽ വാക്സിനേഷൻ ക്യാമ്പ് നടത്തിയത്. രാവിലെ മുതൽ ആദിവാസികൾ ക്യൂ നിന്നു. 650 പേർക്ക് ടോക്കൺ നൽകി. 457 പേർക്ക് വാക്സീൻ നൽകി.
പക്ഷേ കണ്ണംപടി, കിഴുകാനം, വാക്കത്തി കുടികളിലെ ഊരുമൂപ്പന്മാർ ഉൾപ്പടെ ടോക്കൺ ലഭിച്ചവർ പലരും നിരാശരായി മടങ്ങി. എന്നാൽ വൈകിട്ട് ആറു മുതൽ വാക്സിനേഷൻ വിജയിച്ചു എന്ന സന്ദേശം ഇവരുടെ മൊബൈലിൽ എത്തി.